തൊടുപുഴ: കൊവിഡിന്റെ വരവോടെ പ്രതിസന്ധിയിലായ ടൂറിസ്റ്റ് ബസ് വ്യവസായം പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പ് കേരളത്തിൽ ആകെ 14000 ബസ്സുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ബസ്സുകളുടെ എണ്ണം 12000 ആയി ചുരുങ്ങി. അതിൽ തന്നെ 1000 ബസ്സുകൾ സി.സി. ചെയ്യപ്പെട്ടു. 3000 ബസുകൾ ജപ്തി ഭീഷണിയിലാണ്. കൊവിഡ് കാലത്തെ പലിശ പൂർണ്ണമായി എഴുതി തള്ളി വായ്പ തിരിച്ചടയ്ക്കാൻ സാവകാശം അനുവധിക്കണം.
കിലോയ്ക്ക് 45 രൂപ നിരക്കിൽ ടൂറിസ്റ്റ് ബസ്സുകൾ വിറ്റുതുലയ്‌ക്കേണ്ട ഗതികേടിലാണ് ബസ്സുടമകൾ എന്നത് അതീവ ഗൗരവകരമാണ്. ടൂറിസ്റ്റ് ബസ്സ് വ്യവസായവുമായി ബന്ധപ്പെട്ട് നിൽക്കുന്ന അനേകം തൊഴിലാളികൾ തൊഴിൽരഹിതരായിരിക്കുന്നു എന്ന കാര്യം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണ്. ടൂറിസ്റ്റ് ബസ് വ്യവസായം നിലനിൽക്കേണ്ടത് ടൂറിസ്റ്റ് മേഖലയ്ക്ക് അനിവാര്യമാണ് . ടൂറിസ്റ്റ് ബസ് വ്യവസായം രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ലെങ്കിൽ ബസ്സുകൾക്ക് മതിയായ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിനെപ്പറ്റി സർക്കാർ ഗൗരവകരമായി ആലോചിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി എസ്. അശോകൻ ആവശ്യപ്പെട്ടു.