കട്ടപ്പന :നഗരസഭാ കൗൺസിലർ പ്രശാന്ത് രാജുവിനെ ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഏഴ് പേർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു.മുളകരമേട് സ്വദേശികളായ സഹോദരങ്ങൾ അടക്കമുള്ള ഏഴ് പേർക്കെതിരെയാണ് പട്ടികജാതി സംരക്ഷണ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞായറാഴ്ച്ച വൈകുന്നേരം മുളകരമേട് ഹിൽടോപ്പിലാണ് കൈയ്യേറ്റ ശ്രമമുണ്ടായത്.വാർഡിലെ വയോജനങ്ങൾക്കുള്ള കമ്പിളിപുതപ്പ് വിതരണം കഴിഞ്ഞ് തിരികെ മടങ്ങും വഴിയാണ് പ്രശാന്തിന്റെ കാർ നാലംഗ സംഘം തടഞ്ഞത്.എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ മദ്യലഹരിയിലായിരുന്ന സംഘം ജാതി പേര് വിളിച്ച് അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയുമായിരുന്നു.ഒപ്പമുണ്ടായിരുന്ന ആൾക്ക് നേരെയും സംഘം ആക്രോശിച്ചു കൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചെന്നും കൗൺസിലർ ആരോപിച്ചു.ഹിൽടോപ്പ് സന്ദർശിക്കാനെത്തിയ സ്ത്രീകൾ അടക്കമുള്ള വിനോദ സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് കൈയ്യേറ്റ ശ്രമമുണ്ടായത്.

• മുളകരമേട് ഹിൽടോപ്പ് മദ്യപസംഘങ്ങളുടെ സ്ഥിരം താവളം


വന പ്രദേശത്തോട് ചേർന്നുള്ള സ്ഥലമായതിനാൽ മദ്യപ സംഘത്തിന്റെയും, ലഹരി സംഘങ്ങളുടെയും സ്ഥിരം താവളമാണ് ഹിൽടോപ്പ്, പുറത്ത് നിന്നുള്ളയാളുകളാണ് മദ്യപിക്കാൻ ഇവിടെ കൂടുതലായും എത്തുന്നത്. ഇത്തരമാളുകൾ സ്വദേശികളോട് മോശമായി പെരുമാറിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഞായറാഴ്ച്ചകളിലും, അവധി ദിവസങ്ങളിലും ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്‌