തൊടുപുഴ: ആദ്യം അമ്പരപ്പ്,​ പിന്നെ കൗതുകം... കളിപ്പാട്ടങ്ങളെയും സമപ്രായക്കാരെയും കണ്ടതോടെ ഭൂരിഭാഗം കുരുന്നുകളും ചിരിയും കളിയും തുടങ്ങി. ചിലർ അപരിചിതരെ കണ്ടതോടെ കരച്ചിലായി. മറ്റ് ചിലരാകട്ടെ അമ്മയുടെ സാരിത്തുമ്പിൽ നിന്ന് പിടിവിടാതെ നാണംകുണുങ്ങി നിന്നു. രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം അങ്കണവാടികളിൽ വീണ്ടും കുഞ്ഞുങ്ങളെത്തിയപ്പോൾ കണ്ട കാഴ്ചകളാണിതൊക്കെ. പലയിടത്തും മിഠായിയും ബലൂണുകളും നൽകി പാട്ടുപാടി പ്രവേശനോത്സവം പോലെയാണ് കുട്ടികളെ അദ്ധ്യാപകർ വരവേറ്റത്. കുരുന്നുകളിലേറിയ പങ്കും ആദ്യമായിട്ടായിരുന്നു അങ്കണവാടികളും സ്കൂളുകളും കാണുന്നത്. രക്ഷിതാക്കൾക്കു അകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ജില്ലയിലെ ആദിവാസി മേഖലകളിലെയടക്കം നിരവധി അങ്കണവാടികൾ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. ശുചീകരണം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ ചില അങ്കണവാടികൾ മാത്രം തുറന്നില്ല. കൊവിഡിനെ തുടർന്ന് ആദ്യ ലോക്ക് ഡൗണിൽ അടച്ച അങ്കണവാടികളടക്കമുള്ള പ്രീപ്രൈമറി സ്കൂളുകളിൽ 22 മാസങ്ങൾക്ക് ശേഷമാണ് കുട്ടികളെത്തുന്നത്. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനും മാനസികാരോഗ്യ വികസനം ലക്ഷ്യമിട്ടുമാണ് സർക്കാർ എത്രയും വേഗം അങ്കണവാടികൾ തുറക്കാൻ തീരുമാനിച്ചത്. കൃത്യമായി കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു എല്ലായിടത്തും പ്രവർത്തനം. ഈ മാസം 21 മുതൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളും പൂർണതോതിൽ പ്രവർത്തന സജ്ജമാകും. ഒന്നു മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് ഈ ആഴ്ചയിൽ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെയാണ് കാസുകൾ.