rajakkad
കർഷകർക്ക് ജൈവവളം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ വിതരണം ചെയ്യുന്നു

രാജാക്കാട്: സുഭിക്ഷം സുരക്ഷിതം ജൈവ വളത്തിന്റെ വിതരണ ഉദ്ഘാടനം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ നിർവഹിച്ചു. രാജാക്കാട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ അംഗങ്ങളായ കർഷകർക്കാണ് ജൈവവളം വിതരണം ചെയ്തത്. സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സഹായത്തോടെ സുഭിക്ഷം സുരക്ഷിതം ജൈവവളം ഭാരതീയ പ്രകൃതി കൃഷി പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജൈവവളം വിതരണം ചെയ്തത്. ജൈവ ഗ്രാമങ്ങൾ രൂപീകരിക്കുക, കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ചു മണ്ണിന്റെ ഘടനയെ മാറ്റിയെടുക്കുക, കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുക, പാരമ്പരാഗത കൃഷി അറിവുകൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. അഞ്ച് ഏക്കർ വരെ കൈവശ ഭൂമിയുള്ള നാമമാത്ര കർഷകരാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പഞ്ചായത്തിൽ നിന്നും 924 കർഷകരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 75 ശതമാനം സബ്‌സീഡിയോടുകൂടി ആളൊന്നുക്ക് ഒരു ചാക്ക് എന്ന കണക്കിൽ ജൈവവളമായ മിശ്രിത പിണ്ണാക്കാണ് വിതരണം ചെയ്യുന്നത്.