പള്ളിവാസൽ: മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കി ഷീലോഡ്ജ് പദ്ധതിയുമായി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ രണ്ടാംമൈലിൽ ഷീ ലോഡ്ജ് നിർമ്മിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. മൂന്നാറിലേക്കെത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായി ഇവിടെ താമസിക്കാനാകും. നിർമ്മാണം പൂർത്തീകരിക്കുന്ന ഘട്ടത്തിൽ കുടുംബശ്രീയുമായി സഹകരിച്ചായിരിക്കും ലോഡ്ജിന്റെ നടത്തിപ്പ്. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും തനത് ഫണ്ടിൽ നിന്നും തുക വകയിരുത്തിയാണ് ലോഡ്ജിന്റെ നിർമ്മാണം. ഷീലോഡ്ജടക്കം പഞ്ചായത്തിന്റെ വികസന കുതിപ്പിന് സഹായകരമാകുന്ന വിവിധ പദ്ധതികളുമായി മുമ്പോട്ട് പോകുകയാണെന്ന് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാർ, സെക്രട്ടറി സി .എ നിസാർ എന്നിവർ പറഞ്ഞു. ഷീലോഡ്ജുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. പ്രാരംഭഘട്ട തുടർജോലികൾ പുരോഗമിക്കുകയാണ്. 2022 ഡിസംബറോടെ ഷീലോഡ്ജിന്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 8 മുറികളും ഡോർമെറ്ററിയുമുണ്ടാകും. ക്യാന്റീൻ സൗകര്യവും ഒരുക്കും. വനിതകൾക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുകയെന്നതിനൊപ്പം തദ്ദേശിയരായ വനിതകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും കൂടി പദ്ധതിക്കുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.