 
പീരുമേട് :താലൂക്കാശുപത്രി നവീകരിച്ച് മുഖച്ഛായ മാറ്റുന്നതിനുവേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് വാഴൂർസോമൻ എംഎൽഎ പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡിന്റെ അവസാനഘട്ട നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പീരുമേട് തോട്ടം മേഖലയിലെ പ്രധാന ആശുപത്രിയാണ് താലൂക്ക് ആശുപത്രി. സർക്കാർ ഡിസ്‌പെൻസറിയായിട്ടാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രി വികസിപ്പിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്ന് 1988മേയ് 27നാണ് താലൂക്ക് ഹെഡ് ക്വോർട്ടേഴ്‌സ് ആശുപത്രിയാക്കി ഉയർത്തിയത്. ആശുപത്രിക്ക് പുതിയ കെട്ടിടം പണിയണമെന്ന താലൂക്ക് ആശുപത്രി സംരക്ഷണസമിതിയുടെ ആവശ്യപ്രകാരം ആശുപത്രിയിൽ പ്രസവവാർഡും ഓപ്പറേഷൻ തീയേറ്ററും പണിയാൻ അനുമതി ലഭിച്ചത്. ഇതിന് രണ്ടുഘട്ടങ്ങളായി അഞ്ചുകോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു.
ഉദ്ഘാടനയോഗത്തിൽ അഴുതബ്ലോക്ക് പ്രസിഡന്റ് എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, ആശുപത്രി സൂപ്രണ്ട് ഡോ. അനന്ത്‌മോഹൻ എന്നിവർ സംസാരിച്ചു.