വണ്ണപ്പുറം: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മുറിവിൽ മരുന്ന് വെച്ചുകെട്ടാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അറ്റൻഡർ അറസ്റ്റിൽ. തട്ടക്കുഴ തേക്കുംകാട്ടിൽ രവീന്ദ്രനെയാണ് (53) കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10.30ന് വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. കാലിലെ മുറിവിൽ മരുന്ന് വെച്ചുകെട്ടാനാണ് യുവതി എത്തിയത്. ഈ സമയം അറ്റൻഡർ അപമര്യാദയായി പെരുമാറിയതായാണ് യുവതിയുടെ പരാതി. സംഭവം യുവതി വീട്ടുകാരോട് പറഞ്ഞു. തുടർന്നും ഭർത്താവിനൊപ്പം എത്തി പരാതി ഉന്നയിച്ചു. ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്തെത്തിയ കാളിയാർ പൊലീസ് അറ്റൻഡറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.എന്നാൽ, പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ ആരോപണം നിഷേധിച്ചു.