
തൊടുപുഴ: ഭക്ഷണ പദാർത്ഥങ്ങളിലെ മായം കണ്ടെത്തുന്നതിന് ഭക്ഷ്യാസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് ജില്ലയിൽ അടുത്ത മാസമെത്തും. ലാബ് ടെക്നീഷ്യനും ലാബ് അസിസ്റ്റന്റുമുൾപ്പെടുന്ന വാഹനം ചെക്‌പോസ്റ്റുകളിലും മാർക്കറ്റുകളിലുമൊക്കെ നേരിട്ടെത്തി പരിശോധന നടത്താനാകും. സാമ്പിളുകൾ ശേഖരിച്ച് രണ്ട് മണിക്കൂറിനകം ഫലമറിയാനുള്ള സംവിധാനവും ഈ വാഹനത്തിലുണ്ട്. നിലവിൽ ഇടുക്കിയിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ട് ലാബിലേക്കാണ് അയക്കുന്നത്. ഇവിടെ നിന്ന് ഫലം വരാൻ വൈകുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം ഒരു പരിധി വരെ ഒഴിവാക്കാൻ മൊബൈൽ ലാബിന്റെ വരവോടെ കഴിയുമെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രതീക്ഷ. ജില്ലയിലെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് എല്ലായിടത്തും ചെന്ന് പരിശോധന നടത്തി സാമ്പിൾ സേഖരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ മൊബൈൽ ലാബ് എത്തുന്നതോടെ പരിശോധനകൾ കുറച്ച് കൂടി എളുപ്പമാകും. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ മാത്രമല്ല വീടുകളിലെ കുടിവെള്ളം, പാൽ, എണ്ണ തുടങ്ങിയ സാമ്പിളുകൾ പോലും മൊബൈൽ ലാബിൽ പരിശോധിക്കാം.
'ഇടുക്കി ജില്ലയ്ക്ക് മൊബൈൽ വാഹനം അനുവദിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനകം വാഹനമെത്തുമെന്നാണ് കരുതുന്നത്. ഇതിലേക്കുള്ള താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്."
-കെ.പി. രമേശ് (അസി. ഫുഡ് സേഫ്‌റ്റി കമ്മിഷ്ണർ)
ശീതളപാനീയ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ്
വേനൽക്കാലത്ത് ഗുണനിലവാരമില്ലാത്തതും മായം കലർന്നതുമായ ശീതളപാനീയങ്ങളുടെ വിൽപ്പന തടയുന്നതിന് ജില്ലയിൽ രണ്ട് സ്ക്വാഡുകൾ രൂപീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കും. ബേക്കറികളും കൂൾബാറുകളും വഴിയോരങ്ങളിലെ ജ്യൂസ് വിൽപനശാലകളും പെട്ടികടകളും കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് തീരുമാനം. ഉപയോഗിക്കുന്നത് ശുദ്ധജലമാണോയെന്നും പഴങ്ങൾ, ഐസ്, പഞ്ചസാര, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ നിശ്ചിത ഗുണനിലവാരമുള്ളവയാണോയെന്നും പരിശോധിക്കും. ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടിയെടുക്കും. കുടിവെള്ള നിർമാണ കമ്പനികൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിളെടുത്ത് ഗുണനിലവാരം പരിശോധിക്കും.