തൊടുപുഴ: തൊടുപുഴ താലൂക്കിന്റെ ഭരണസിരാ കേന്ദ്രമായ മിനിസിവിൽ സ്റ്റേഷനന്റെ അവസ്ഥ ഏറെ ദയനീയം. മിനി സിവിൽ സ്റ്റേഷനിലേക്ക് എത്തുന്നവർ മുഖത്ത് വെച്ചിരിക്കുന്ന മാസ്ക്കിന് മുകളിൽ മൂക്കിനോട് ചേർന്ന് തോർത്തോ ടവ്വലോ മുറുക്കെ കെട്ടിയും രണ്ട് കണ്ണുകളും ഇറുകെ പൂട്ടിയും വേണം ഇവിടേക്ക് എത്താൻ എന്ന സ്ഥിതിയാണുള്ളത്. സ്റ്റേർക്കേസിലും വിവിധ ഓഫീസുകൾക്ക് സമീപത്തുമുള്ള വിവിധ സ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് കൂടുകൾ, പേപ്പർ കവർ, പാക്കിങ്ങിനുള്ള തെർമോകോൾ, കേടായ കമ്പ്യുട്ടറുകൾ അനുബന്ധ ഇ - മാലിന്യങ്ങൾ ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ വ്യാപകമായി തള്ളിയിട്ടുണ്ട്. ഇഴ ജന്തുക്കളുടേയും മറ്റ് ജീവികളുടെയും വിഹാര കേന്ദ്രമാണ് ഇവിടം മാറി. പാഴ് വസ്തുക്കൾ കുമിഞ്ഞ് കൂടി കിടക്കുന്ന ഭാഗത്ത് എലിയും മറ്റ് ജീവികളും കുടുംബ സമേതമാണ് പാർക്കുന്നത്. ഈ ഭാഗത്ത് അസഹ്യമായ ദുർഗന്ധവുമാണ്. കൃത്യമായി ശുചീകരിക്കാത്തതിനാൽ ശൗചാലയ ദുർഗന്ധം സിവിൽ സ്റ്റേഷന്റെ ചുറ്റിലും വ്യാപകമാണ്. ഓരോ നിലയുടേയും രണ്ട് വശങ്ങളിലുമായി ശൗചാലയം സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായാണ് ഇവ സജ്ജമാക്കിയിട്ടുള്ളതെങ്കിലും മിക്കതും ഉപയോഗിക്കാൻ കഴിയാതെ അടച്ച് പൂട്ടികിടക്കുകയാണ്. ഇതേ തുടർന്ന് ജീവനക്കാർ പൊതുശൗചാലയമാണ് ഉപയോഗിക്കുന്നത്. ശൗചാലയത്തിന്റെ വാതിലുകളും ജനലുകളും ഇളകിപ്പോയിട്ടുണ്ട്. ഫ്രഷ് ഏയറിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ജനൽ പാളികളിലെ ഗ്ലാസുകൾ പൊട്ടിയിട്ടുമുണ്ട്. മിക്കതിന്റെയും കൊളുത്തും സ്‌ക്രൂവും ഇളകിപ്പോയതാണ്. മുറിയുടെ ഉൾവശത്തുള്ള അഴുക്കും ചിലന്തി വലയും കാരണം കേറാൻ പോലും പേടി തോന്നും. നിലത്തുള്ള മഞ്ഞ നിറവും ക്ലാവ് പിടിച്ച് തുരുമ്പിച്ച പൈപ്പും കൈ കഴുകാനുള്ള വാഷ് ബേയ്‌സനും കണ്ടാൽ തന്നെ അറപ്പ് തോന്നും. ഇതൊക്കെ മിനി സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങളുടെ വർഷങ്ങളായി പരിഹരിക്കാതെയുള്ള അവസ്ഥയാണ്
. ആരും ഒന്നും കാണുന്നില്ല... അറിയുന്നില്ല
സാധാരണക്കാരായ ജനങ്ങളെ ശുചിത്വവും നിയമങ്ങളും ചട്ടങ്ങളും പഠിപ്പിക്കുന്ന വിവിധ അധികാരികളുടെ മൂക്കിന് താഴെയാണ് ഇത്തരം സംഭവങ്ങൾ എന്നത് അത്ഭുതമാവുകയാണ്. വിവിധ സർവീസ് സംഘടന പ്രവർത്തകരും മിനിസിവിൽ സ്റ്റേഷന്റെ പരിതാപകരമായ അവസ്ഥകൾ കാണുന്നില്ല, അറിയുന്നില്ല.