augustin

മൂന്നാർ: നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മൂർഖന് ശസ്ത്രക്രിയ നടത്തി കാട്ടിലേക്കയച്ചു. ഒരാഴ്ച മുമ്പാണ് പള്ളിവാസൽ തോട്ടംമേഖലയിലെ വീട്ടിനുള്ളിൽ കയറിയ പാമ്പിനെ വളർത്തുനായ ആക്രമിച്ചത്. തുടർന്ന് ശാസ്ത്രീയമായ പാമ്പ് പിടുത്തത്തിൽ വനംവകുപ്പിന്റെ പരിശീലനം പൂർത്തിയാക്കിയ മൂന്നാർ സ്വദേശികളായ അഗസ്റ്റിൻ, അബ്രഹാം സെൽവിൻ എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി.

ആന്തരിക അവയവങ്ങൾ പുറത്ത് ചാടിയ പാമ്പിനെ ഇവർ മൂന്നാർ വനം വകുപ്പിലെ മൃഗ ഡോക്ടറായ നിഷ റെയ്ചലിന്റെ അടുത്തെത്തിച്ചു. ഡോക്ടറുടെ നേതൃത്വത്തിൽ പാമ്പിനെ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. തുടർന്ന് നാല് ദിവസം പരിചരിച്ച ശേഷം സുഖമായ ശേഷം പാമ്പിനെ പെട്ടിമുടി വനംവകുപ്പ് ഡിവിഷനിലെ കാട്ടിനുള്ളിൽ വിട്ടു.

പാമ്പുകളുടെ നല്ല കാലം

മുമ്പ് പാമ്പുകളെ കണ്ടാൽ ഉടൻ തല്ലിക്കൊല്ലുന്നതായിരുന്നു ജനങ്ങളുടെ ശീലം. എന്നാൽ അതിന് വലിയ മാറ്റമുണ്ടായതായി വനംവകുപ്പിന്റെ റെസ്ക്യു മിഷൻ അംഗങ്ങളായ അഗസ്റ്റിൻ, അബ്രഹാമും പറയുന്നു. ഇപ്പോൾ വീടുകളിലോ കൃഷി സ്ഥലങ്ങളിലോ പാമ്പിനെ കണ്ടാൽ ഉടൻ തന്നെ റെസ്‌ക്യു മിഷൻ ടീമിനെ വിവരമറിയിക്കും. ടീമെത്തി പാമ്പിനെ പിടികൂടി വനത്തിൽ തുറന്നു വിടുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. ശാസ്ത്രീയമായ പാമ്പ് പിടുത്തത്തിന് ആവശ്യമായ സ്‌നേക് ഹുക്ക്, സ്‌നേക് ബാഗ് തുടങ്ങിയ എല്ലാ ഉപകരണങ്ങളും വനം വകുപ്പ് ഇവർക്ക് നൽകിയിട്ടുണ്ട്.