തൊടുപുഴ : പീരുമേട് ഉപ്പുതറ മേമാരികുടിയിൽ പടുത കെട്ടി വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന ജ്യോതിമോൾക്കും കുടുംബത്തിനും ലൈഫ് മിഷനിലൂടെ വീട് അനുവദിച്ചതായി ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മൂന്ന് വയസ്സുള്ള മകൾക്കും ഭർത്താവിനുമൊപ്പമാണ് ജ്യോതി പടുത കെട്ടിയ കൂരയിൽ താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ഭീഷണിയുള്ള സ്ഥലത്താണ് ജ്യോതിയുടെ താമസം. ഇടുക്കി പദ്ധതിക്ക് വേണ്ടി 1967 ൽ കുടിയൊഴുപ്പിച്ച ഉത്തമന്റെ മകളാണ് ജ്യോതി. ഉപ്പുതറ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ആറുമാസം മുമ്പ് ജ്യോതിക്ക് വീട് അനുവദിച്ചെങ്കിലും വനാവകാശ രേഖ ഇല്ലാത്തതിന്റെ പേരിൽ പഞ്ചായത്തുമായി ഉടമ്പടി വയ്ക്കാൻ കഴിഞ്ഞില്ല.

വനാവകാശരേഖ ലഭിക്കാൻ ജ്യോതി റേഞ്ച് ഓഫീസ് കയറിയിറങ്ങി മടുത്തു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമിയാണ് ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.

ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതിയിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ ജ്യോതിയെ ഗുണഭോക്താവായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.