തൊടുപുഴ: അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിച്ചതിന് ജല അതോറിട്ടിക്കും കരാറുകാർക്കുമെതിരെ പൊലീസിൽ പരാതി നൽകി പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് വകുപ്പ് തൊടുപുഴ, കരിമണ്ണൂർ സെക്ഷനുകളിലെ അസി. എൻജിനീയർമാരാണ് പൊലീസിൽ പരാതി നൽകിയത്. തൊടുപുഴ- പാലാ റോഡിൽ ആശിർവാദ് തീയേറ്ററിന് സമീപവും കുന്നം- പടി. കോടിക്കുളം റോഡിൽ വിവിധയിടങ്ങളുമാണ് പണമടച്ച് നിയമപ്രകാരമുള്ള അനുമതി വാങ്ങാതെ റോഡ് കുത്തിപ്പൊളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴ ആശിർവാദ് തീയറ്ററിന് സമീപം രാത്രി റോഡ് വെട്ടിപ്പൊളിക്കുന്നത് അതുവഴി വന്ന ഇടുക്കി റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ വി.പി ജാഫർഖാന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അസി. എക്‌സി. എൻജിനീയറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അനുമതി വാങ്ങിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. തുടർന്ന് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട അസി.എൻജിനീയർമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പരാതി ലഭിച്ചെങ്കിലും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. രണ്ടും സർക്കാർ വകുപ്പുകളായതിനാൽ ഉന്നതതല അനുമതി ലഭിക്കുന്ന മുറയ്ക്ക് പൊലീസ് ഉടൻ കേസെടുത്തേക്കും.