ഇടുക്കി: മേരികുളം എൽപി സ്‌കൂളിലെ പുതിയ പാചകപുരയുടെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. കഴിഞ്ഞ സർക്കാരിന്റെ ഭരണ കാലയളവിൽ അന്നത്തെ എംഎൽഎ ഇ.എസ് ബിജിമോളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപുരയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 500 കുട്ടികൾ പഠിക്കുന്ന സ്‌കൂളിന്റെ പാചകപുരയ്ക്ക് രണ്ട് പതിറ്റാണ്ട് പഴക്കം ഉണ്ടായിരുന്നു. ഇതിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായാണ് ബിജിമോൾ എംഎൽഎ പുതിയ പാചകപ്പുരയ്ക്ക് തുക അനുവദിച്ചത്. ഉദ്ഘാടന യോഗത്തിൽ സ്‌കൂളിലെ ശുദ്ധജല പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള നിവേദനം എം.എൽ.എയ്ക്ക് സ്‌കൂൾ അധികൃതർ കൈമാറി. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് സ്‌കൂളിന്റെ ആവശ്യം പരിഗണിക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ പറഞ്ഞു. സ്‌കൂൾ മാനേജർ ഫാ. വർഗീസ് കുളംപള്ളി അദ്ധ്യക്ഷത വഹിച്ചു. ജോമോൻ വി.ടി മുഖ്യപ്രഭാഷണം നടത്തി. എ. ഇ.ഒ ടോമി ഫിലിപ്പ്, ഹെഡ്മിസ്ട്രസ് ബിന്ദു, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ സ്‌കൂളിലെ നിർധന വിദ്യാർഥിയുടെ പിതാവിന്റെ ചികിത്സ സഹായനിധിയിലേക്ക് സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം സംഭാവന ചെയ്ത സഹോദരങ്ങളായ കാർത്തിക്, കീർത്തിക് എന്നിവരെ എം.എൽ.എ അനമോദിച്ചു.