തൊടുപുഴ: 16 വർഷം മുമ്പ് മറയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ നീതി തേടി വയോധികരായ മാതാപിതാക്കൾ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. കാളിയാർ വടക്കേക്കുന്നേൽ ബാബുവിന്റെ (31) പിതാവ് തോമസ് (78), മാതാവ് പെണ്ണമ്മ (72) എന്നിവരാണ് തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ സമരം തുടങ്ങിയത്. മകന്റെ മരണത്തിന് ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവരുടെ സമരം. ഇവർക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. 2006 നവംബർ 23നാണ് ബാബു വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. വനം വകുപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ മറയൂർ ഫോറസ്റ്ററുടെ നേതൃത്വത്തിൽ റിസോർട്ടിൽ ജോലിക്കെത്തിയ ബാബുവിനെ കസ്റ്റഡിയിലെടുക്കുന്നത്. മൂന്നാർ ഡി.എഫ്.ഒയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി. തുടർന്ന് മറയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിനിടെ ബാബു മരിക്കുകയായിരുന്നു. എന്നാൽ ബാബു തങ്ങളുടെ കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കുഴഞ്ഞ് വീണു മരിച്ചു എന്ന നിലയിലാണ് വനം ഉദ്യോഗസ്ഥർ മറയൂർ പൊലീസിൽ വിവരമറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്രിമ രേഖകൾ ചമച്ചാണ് ഇത്തരത്തിലൊരു കള്ളക്കഥ തയാറാക്കിയതെന്ന് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ മൂന്നാർ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ബാബു കൊല്ലപ്പെട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് അന്നത്തെ മറയൂർ ഫോറസ്റ്ററെ ഒന്നാം പ്രതിയാക്കിയ മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത ആറോളം ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കൊലക്കുറ്റത്തിന് കേസെടുത്തു. അന്നത്തെ മൂന്നാർ ഡി.എഫ്.ഒയും കേസിൽ പ്രതിയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിനു പുറമെ ഇത് മറച്ച് വയ്ക്കാനും ഇതിനായി വ്യാജ കേസും രേഖകളും ഉണ്ടാക്കാനും ശ്രമിച്ചവർ ഉൾപ്പെടെ 15 ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രതികളാക്കി 2010ൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ പ്രതികൾ 2018 വരെ തുടർച്ചയായി ഹൈക്കോടതിയിലും മറ്റും നൽകിയ ഹർജികളുടെ അടിസ്ഥാനത്തിൽ വിചാരണ തടസപ്പെട്ട നിലയിലായിരുന്നു. ഇതിനെതിരെ മരിച്ച ബാബുവിന്റെ മാതാപിതാക്കൾ സർക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ടോം ജോസഫിനെ നിയമിച്ചു. കേസിന്റെ വിചാരണ നാളെ തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുനരാരംഭിക്കും. കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ കൂടുതൽ പേരും ഇപ്പോഴും സർവീസിൽ തുടരുകയാണ്.