തൊടുപുഴ: മാനദണ്ഡങ്ങൾ പാലിക്കാതെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ വിവിധ തസ്തികളിലേക്ക് അഭിമുഖത്തിന് നീക്കം നടത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. ഇതെ തുടർന്ന് അഭിമുഖം മാറ്റിവച്ചു. എൻ.എച്ച്.എം, ആർ.എസ്.ബി.വൈ എന്നീ പദ്ധതികളിലേക്കായി ദിവസ വേതനം അടിസ്ഥാനത്തിൽ മൂന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്കാണ് ഇന്നലെ അഭിമുഖം നടത്താൻ തീരുമാനിച്ചത്. നിശ്ചിത യോഗ്യതയുള്ള 36 അപേക്ഷകർ അഭിമുഖത്തിനായി എത്തിയിരുന്നു.

ഇതിനിടെ വേണ്ടത്ര അറിയിപ്പോ നടപടികളാ സ്വീകരിക്കാതെ സ്വകാര്യമായി അഭിമുഖം നടത്താനാണ് സൂപ്രണ്ട് ശ്രമിച്ചതെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തെത്തി. അഭിമുഖത്തിന് ഇന്റർവ്യൂ ബോർഡ് ഇല്ലായിരുന്നെന്നും ഇവർ പറയുന്നു. പത്തിലധികം ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് ചട്ടം. എന്നാൽ, ഇത് അട്ടിമറിച്ച് അഭിമുഖം മാത്രം നടത്താനായിരുന്നു നീക്കമെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം ആർ.പ്രശോഭ്, മണക്കാട് ലോക്കൽ സെക്രട്ടറി എം.പി. അരുൺ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

എന്നാൽ ആശുപത്രിയിലെ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചിരുന്നതായി സൂപ്രണ്ട് ഡോ. എം.ആർ. ഉമാദേവി പറഞ്ഞു. ഇതിനായുള്ള നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിരുന്നു. നിലവിലുണ്ടായിരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാതെ ഐസൊലേഷൻ വാർഡ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം തടസപ്പെടുന്ന സാഹചര്യമാണുള്ളത്. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നടത്താനിരുന്ന ഇന്റർവ്യൂ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായും സൂപ്രണ്ട് പറഞ്ഞു.