
തൊടുപുഴ: താലൂക്കിന്റെ ഭരണസിരാ കേന്ദ്രമായ മിനിസിവിൽ സ്റ്റേഷന്റെ ദുരവസ്ഥകൾ പരിഹരിക്കാൻ തഹസീൽ ദാറിന്റെ അടിയന്തര ഇടപെടൽ. മിനിസിവിൽ സ്റ്റേഷനിലുള്ള വിവിധ ഓഫീസുകൾക്ക് മുന്നിലും സ്റ്റേർക്കേസിലും വരാന്തകളിലും പ്ലാസ്റ്റിക്ക് കൂടുകൾ, പേപ്പർ കവർ, പാക്കിങ്ങിനുള്ള തെർമോകോൾ, കേടായ കമ്പ്യുട്ടറുകൾ അനുബന്ധ ഇ - മാലിന്യങ്ങൾ, പഴയ ട്യൂബ് ലൈറ്റ്, ബൾബ് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ വ്യാപകമായി തള്ളിയ അവസ്ഥയിലായിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ കേരള കൗമുദി നൽകിയ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തൊടുപുഴ തഹസീൽ കെ എം ജോസുകുട്ടി പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിച്ചത്.. ഇഴ ജന്തുക്കളുടേയും മറ്റ് ജീവികളുടെയും വിഹാര കേന്ദ്രമാണ് ഇവിടം മാറിയിരുന്നു. പാഴ് വസ്തുക്കൾ കുമിഞ്ഞ് കൂടി കിടക്കുന്ന ഭാഗത്ത് എലിയും മറ്റ് ജീവികളും വ്യാപകമാണ്. കൃത്യമായി ശുചീകരിക്കാത്തതിനാൽ സിവിൽ സ്റ്റേഷന്റെ ചുറ്റിലും അസാഹ്യമായ ശൗചാലയ ദുർഗന്ധവുമാണ്. സ്റ്റേക്കേസിലും മറ്റും തള്ളിയിരിക്കുന്ന പാഴ് വസ്തുക്കൾ പൂർണ്ണമായും നീക്കം ചെയ്യാൻ തഹസീൽദാർ ജീവനക്കാർക്ക് കർശന നിർദേശം നൽകി. ഇതേ തുടർന്ന് ഇന്നലെ ഉച്ചയോടെ പാഴ് വസ്തുക്കൾ നീക്കം ചെയ്യൽ ആരംഭിച്ചു. കൂടാതെ മിനിസിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങളുടെ ദുരവസ്ഥകൾ പരിഹരിക്കാനും തഹസീൽദാർ നടപടികൾ ആരംഭിച്ചു. ശൗചാലയം വൃത്തിയായി സൂക്ഷിക്കാൻ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ വകുപ്പ് മേധാവികൾക്കും നിർദേശം നൽകുമെന്നും തഹസീൽദാർ പറഞ്ഞു.