തൊടുപുഴ: വിഷുക്കണി വിഷരഹിത പച്ചക്കറികൾകൊണ്ട് സമ്പന്നമാക്കാൻ കൃഷിവകുപ്പ് ഒരുങ്ങുന്നു. ജില്ലയിൽ 5.6 ലക്ഷം പച്ചക്കറി തൈകളാണ് വിഷുവിന് വിളവെടുക്കാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പ് വിതരണം ചെയ്യുന്നത്. ഓരോ ബ്ളോക്ക് പഞ്ചായത്തിലും 50,000 മുതൽ 1,50,000 വരെ തൈകളാണ് വിതരണം ചെയ്യുന്നത്. ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട ദേവികുളം ബ്ലോക്കിലാണ് കൂടുതൽ തൈകളും വിതരണം ചെയ്യുന്നത്. അഗ്രോ സർവീസ് സെന്റർ, കാർഷിക കർമസേന, നഴ്സറികൾ, ഫാമുകൾ എന്നിവ വഴിയാണ് തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. വേനൽ കടുത്തതിനാൽ കാലാവസ്ഥക്ക് അനുകൂലമായ തക്കാളി, വെണ്ട, വഴുതന, പയർ, ചീര, പാവൽ, പീച്ചിൽ, പടവലം, വെള്ളരി, പച്ചമുളക്, കാബേജ്, കോളിഫ്ലവർ ഇനത്തിൽപ്പെട്ട പച്ചക്കറി തൈകളും വിത്തുകളുമാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. തൈകൾ സൗജന്യമായും വിത്തുകൾ 80 ശതമാനം സബ്സിഡിയോടെയുമാണ് നൽകുന്നത്. കൃഷി വകുപ്പിന് പുറമേ സന്നദ്ധസംഘടനകളും സഹകരണസംഘങ്ങളും കുടുംബ ശ്രീയൂണിറ്റുകളും വിഷു ലക്ഷ്യമാക്കി പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.
ഓരോ ബ്ലോക്കിനും നൽകിയ തൈകൾ
തൊടുപുഴ, ഇടുക്കി, പീരുമേട്, അടിമാലി- 5,0000
ഇളംദേശം, കട്ടപ്പന, നെടുങ്കണ്ടം- 70,000
ദേവികുളം-1,50,000 ലക്ഷം
എല്ലാ വീട്ടിലും കൃഷി
നൂറുദിന കർമപരിപാടിയുടെ ഭാഗമായി എല്ലാ വീടുകളിലും കൃഷി ആരംഭിക്കാനുള്ള പദ്ധിയും കൃഷിവകുപ്പ് നടപ്പിലാക്കുന്നുണ്ട്. ഇതിനായി കൃഷിഭവൻ വഴിയും ജനകീയാസൂത്രണത്തിലൂടെ പഞ്ചായത്ത് വഴിയും വീടുകളിലേക്ക് തൈകളും വിത്തുകളും നൽകുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ 40 ലക്ഷം വിത്തുകളും 44 ലക്ഷം തൈകളും വിതരണം ചെയ്തിട്ടുണ്ട്.
മഴയെ പ്രതിരോധിക്കാൻ മഴമറ
കഴിഞ്ഞ വർഷം നവംബർ വരെ മഴക്കാലം നീണ്ടതിനാൽ പച്ചക്കറി മേഖലയിൽ ഉത്പാദനത്തിൽ വലിയ തോതിൽ കുറവുണ്ടായിരുന്നു. എന്നാൽ മഴമറകളിൽ ചെയ്ത കൃഷികളിൽ നിന്ന് മികച്ച വിളവ് ലഭിച്ചു. ജില്ലയിൽ ഏകദേശം 75 മഴമറക്കൃഷികളുണ്ട്. 100 സ്ക്വയർ മീറ്ററിൽ മഴമറ നിർമിക്കുന്നതിന് 5,0000 രൂപ കൃഷി വകുപ്പ് നൽകും.
'വിഷു പച്ചക്കറി സമൃദ്ധമാക്കാൻ നിരവധി പദ്ധതികളിലൂടെ വിത്തുകളും തൈകളും പദ്ധതികൾ കൃഷി വകുപ്പ് വിതരണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ തരിശ് കിടക്കുന്ന സ്ഥലങ്ങൾ കൃഷി ചെയ്യുന്നതിന് കൃഷിഭവൻ സഹായം ചെയ്യുന്നുണ്ട്. വട്ടവട, കാന്തല്ലൂർ മേഖലയിലെ ശീതകാല പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സ്കൂളുകളിലും സ്ഥാപനങ്ങളിലും കൃഷി ചെയ്യുന്നതിന് നാലായിരം രൂപ വീതം നൽകുന്നുണ്ട്. ഇപ്പോഴത്തെ കാലാവസ്ഥയിൽ സുരക്ഷിതമായി കൃഷി ചെയ്യുന്നതിന് മഴമറ പദ്ധതിയും നടപ്പിലാക്കുന്നുണ്ട് "
-സിജി ആന്റണി (കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)