മൂന്നാർ: മുതിരപ്പുഴ നമ്മുടേത്, എല്ലാവരും പുഴയിലേക്ക് എന്ന മുദ്രവാക്യം ഉയർത്തി മുതിരപ്പുഴയാറിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. പെരിയവര മുതൽ മൂന്നാർ ഹെഡ്വർക്ക്‌സ് ഡാമുവരെയാണ് ശുദ്ധീകരിക്കുന്നത്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കി പുഴയിലെ നീരൊഴുക്ക് സുഗമമാക്കുകയാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യം.

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജൻ, പ്രസിഡന്റ് പ്രവീണ രവികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരാഴ്ച നീണ്ട് നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ, മാലിന്യ സംസ്‌കരണ തൊഴിലാളികൾ തുടങ്ങിയവരും പങ്കാളികളാണ്.

മുതിരപ്പുഴയാറിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെ പെരിയവര മുതൽ ഹെഡ്വർക്ക്‌സ് വരെ വിവിധയിടങ്ങളിലായി സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായും മൂന്നാർ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. പൊതു ജനങ്ങളും, വിനോദ സഞ്ചാരികളും വലിച്ചെറിയുന്ന മാലിന്യങ്ങൾ മുതിരപ്പുഴയാറിന് ഭീഷണിയാണ്. ഇതു കൂടാതെ രണ്ട് തേയില ഫാക്ടറികളിൽ നിന്നുമുള്ള മാലിന്യം മൂന്നാർ മർക്കറ്റിൽ നിന്നുമുള്ള അറവുമാലിന്യം അടക്കമുള്ളവയും മുതിരപ്പുഴയാരിലേക്കാണ് നിക്ഷേപിക്കപ്പെടുന്നത്. ഇത്കൂടാതെ കംഫർട്ട് സ്റ്റേഷനുകളും സ്ഥാപിച്ചിരിക്കുന്നത് മുതിരപ്പുഴയാറിന്റെ തീരത്താണ്.