
കട്ടപ്പന: കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ ചൊവ്വാഴ്ച വൈകിട്ട് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കക്കാട്ടുകട കൊച്ചുകളിയിക്കൽ ആദിത്യൻ ഓമനക്കുട്ടനെയാണ് (18) നായ ആക്രമിച്ചത്. വൈകിട്ട് 6.30 ഓടെ സ്‌കൂളിൽ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് ആദിത്യന് കടിയേറ്റത്. കാലിന് പരിക്കേറ്റ വിദ്യാർത്ഥിയെ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മറ്റു രണ്ടു പേരെയും ഇതേ നായ ആക്രമിച്ചെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഭീതി വിതച്ച് പേവിഷ ബാധയേറ്റ നായ കക്കാട്ടുകടയിലെത്തിയത്. തുടർന്ന് സമൂഹ മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. നായയെ പിടികൂടാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പകൽ സമയങ്ങളിൽ പോലും കക്കാട്ടുകടയിൽ തെരുവ് നായശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തെരുവ് നായ്ക്കളുടെ ആക്രമണം ഭയന്ന് വിദ്യാർത്ഥികൾ സ്‌കൂളിൽ പോകാൻ പോലും ഭയക്കുന്നതായും രക്ഷിതാക്കൾ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഇടപെട്ട് ഈ മേഖലയിലെ തെരുവ്‌നായ ശല്യം നിയന്ത്രിക്കണമെന്നാണ് ഇപ്പോൾ ആവശ്യമുയരുന്നത്.