bike
നമ്പർ പ്ലേറ്റും ഹെൽമറ്റുമില്ലാതെ പഴയ ബസ് സ്റ്റാൻഡ് വഴി ബൈക്കിൽ പോകുന്ന യുവാവ്

 എൽ.ഐ.സി ഏജന്റിനെ ഇടിച്ചിട്ട് ബൈക്ക് നിറുത്താതെ പോയി


കട്ടപ്പന: ന്യൂജനറേഷൻ ബൈക്കുകൾ കട്ടപ്പന നഗരത്തിന്റെ നിരത്ത് വാഴുമ്പോൾ നാട്ടുകാരുടെ ജീവൻ പണയത്തിലാണ്. പൊതുവേ വീതി കുറഞ്ഞതും തിരക്കേറിയതുമായ റോഡുകളിലൂടെ മിന്നൽ വേഗത്തിലാണ് യുവാക്കൾ ബൈക്കുകളിൽ പായുന്നത്. പല ബൈക്കുകൾക്കും നമ്പർ പ്ലേറ്റോ ഹെഡ് ലൈറ്റുകളോ പോലുമുണ്ടാകാറില്ലെന്നതും ഗൗരവകരമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കെ.എസ്.ഇ.ബി ജംഗ്ഷനിൽ വച്ച് എൽ.ഐ.സി ഏജന്റായ കട്ടപ്പന സ്വദേശി ജോർജ് അപകടത്തിൽപ്പെട്ടത്. ഇരട്ടയാർ റോഡിൽ നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ജോർജിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിറുത്താതെ ഓടിച്ചു പോയി. നടുവിനും കാലിനും കാര്യമായ പരിക്കുപറ്റിയ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പഴയ സ്റ്റാൻഡിലെ ബേക്കറി ജീവനക്കാരൻ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതും അടുത്തിടെയാണ്. നിയന്ത്രണാധീതമായ വേഗത്തിലെത്തിയ ബൈക്ക് കണ്ട് ഓടി മാറിയതാണ് ഭാഗ്യമായത്. വേഗത ചോദ്യം ചെയ്തപ്പോൾ ബൈക്കോടിച്ച യുവാവ് കൈയേറ്റത്തിനും മുതിർന്നു.

 സ്‌കൂൾ വിട്ടാൽ അഭ്യാസം അതിരുവിടും

സ്‌കൂൾ സമയങ്ങളിലാണ് പവർ കൂടിയ ബൈക്കുകളുമായി യുവാക്കൾ നിരത്തിലിറങ്ങുന്നത്. കട്ടപ്പന- പള്ളിക്കവല റൂട്ടിലാണ് ഇവരുടെ മരണപ്പാച്ചിൽ. വിദ്യാർത്ഥിനികളെ ആകർഷിക്കാനായി സൈലൻസർ അഴിച്ചു മാറ്റി പായുന്ന വിരുതൻമാരും ഈ കൂട്ടത്തിലുണ്ട്. പരിശോധിച്ചാൽ പലർക്കും ലൈസൻസും ഉണ്ടാകില്ല. രണ്ട് പേർ സഞ്ചരിക്കേണ്ട ബൈക്കിൽ മൂന്ന് പേർ കയറി യാത്ര ചെയ്യുന്നതും പള്ളിക്കവലയിലെ പതിവ് കാഴ്ചയാണ്.


 എന്ന് നന്നാക്കും

സി.സി ടി.വി ക്യാമറകൾ

നഗരത്തിലെ സി.സി ടി.വി ക്യാമറകൾ പ്രവർത്തിക്കാത്തതിനാൽ നിയമലംഘനങ്ങൾ കാട്ടുന്നവരെയും മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും പിടികൂടാൻ പൊലീസിന് കാലതാമസം നേരിടുന്നുവെന്നതാണ് വസ്തുത. ബൈക്കുകളുടെ മത്സരയോട്ടം നിരീക്ഷിക്കാൻ പോലും ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. ഇരുചക്ര വാഹനങ്ങൾ ചീറി പായുന്ന പള്ളിക്കവലയിൽ രണ്ട് നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും ഇവ പ്രവർത്തിക്കുന്നില്ല. നഗരസഭയാണ് ക്യാമറകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടത്.