തൊടുപുഴ: അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിച്ച സംഭവത്തിൽ വാട്ടർ അതോറിറ്റിക്കും കരാറുകാർക്കുമെതിരെ പൊതുമരാമത്ത് വകുപ്പ് ഡിവൈ.എസ്.പി പരാതി നൽകി. പൊതുമരാമത്ത് വകുപ്പ് തൊടുപുഴ, കരിമണ്ണൂർ സെക്ഷനുകളിലെ അസി. എൻജിനീയർമാർ കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിൽ തുടർ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്നലെ തൊടുപുഴ ഡിവൈ.എസ്.പിക്ക് പൊതുമരാമത്ത് വകുപ്പ് അസി. എക്‌സി. എൻജിനിയർ പരാതി നൽകിയത്. രണ്ട് വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ കൃത്യമായ നിലപാടെടുക്കാനാവാതെ പൊലീസും ആശയക്കുഴപ്പത്തിലായി. തൊടുപുഴ- പാലാ റോഡിൽ ആശിർവാദ് തീയറ്ററിന് സമീപവും കുന്നം- പടിഞ്ഞാറെ കോടിക്കുളം റോഡിൽ വിവിധയിടങ്ങളിലായി 1.37 കിലോ മീറ്ററുമാണ് ഒരാഴ്ചയ്ക്കിടെ കുത്തിപ്പൊളിച്ചത്. രണ്ടിടത്തും പണമടച്ച് നിയമ പ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ല.
റോഡിൽ അനധികൃത നിർമ്മാണം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചനയോടെയാണ് പൊലീസിൽ ലഭിച്ചിരിക്കുന്ന പരാതി. എന്നാൽ രണ്ട് വകുപ്പുകൾ തമ്മിലുള്ള പരാതിയായതിനാൽ സർക്കാർ തലത്തിലുള്ള അനുമതി വേണം കേസെടുക്കാനെന്നതാണ് പൊലീസിനെ കുഴപ്പത്തിലാക്കുന്നത്. ഇത്തരം സംഭവങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച് കൊണ്ടുള്ള ഉത്തരവും നിലവിലുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. റോഡിൽ നടക്കുന്ന നിർമ്മാണങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന പൊതുമരാമത്ത്, വാട്ടർ അതോറിട്ടി, ടെലികോം, തദ്ദേശ സ്വയംഭരണം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളെ സംയോജിപ്പിച്ച് പണി ആരംഭിക്കുന്നതിന് മുമ്പായി തന്നെ ഉദ്യോഗസ്ഥ തല യോഗം ചേരേണ്ടതുണ്ട്. റോഡിന്റെ പ്രാധാന്യം അനുസരിച്ച് ജില്ലാ കളക്ടർ, ആർ.ഡി.ഒ, തഹസിൽദാർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങൾ ചേർന്ന് തീരുമാനം എടുക്കാറ്. ഇതിന്റെ ലംഘനം നടക്കുമ്പോൾ അക്കാര്യത്തിൽ കേസുൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കേണ്ടതും സർക്കാർ തലത്തിലാണ്.
മുമ്പ് കേസെടുത്തിട്ടുണ്ട്
സർക്കാരിന്റെ വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ അടുത്ത കാലത്ത് പോലും കേസുണ്ടായിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പധികൃതർ പറയുന്നു. മൂലമറ്റം- കോട്ടമല റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വനഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയെന്ന് ആരോപിച്ച് വനം വകുപ്പാണ് ഒരു മാസം മുമ്പ് കേസെടുത്തത്. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ, അസി. എക്‌സി. എൻജിനീയർ, അസി. എൻജിനീയർ എന്നിവർക്കെതിരെയാണ് കേസ്. ഈ സംഭവത്തിൽ പ്രതികളായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ഫോറസ്റ്റ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വനം വകുപ്പിന്റേതെന്ന് പറയുന്ന ഭൂമി റവന്യൂ വകുപ്പിന്റേതെന്ന് കാട്ടി വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ നിർമ്മാണം നടത്തിയതെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.