
ഇടുക്കി: ജില്ലയുടെ വികസനവും വളർച്ചയും നാടിന്റെ പെരുമയും ഉയർത്തിക്കാണിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദർശന പര്യടനത്തിന്റെ മൂന്നാം ദിവസം വണ്ടിപ്പെരിയാറിൽ പൂർത്തിയാക്കി.
ചിത്രപ്രദർശനം ഏറെ കൗതുകകരവും വിജ്ഞാന പ്രദവുമായിരുന്നുവെന്നും കുട്ടികൾ അഭിപ്രായപ്പെട്ടു. വൈകുന്നേരം അഞ്ചു മണിയോടെ ഇടുക്കി കളക്ടറേറ്റ് പരിസരത്തെത്തിയ വാഹനം രണ്ടു മണിക്കൂറോളം പൈനാവിലും ചെറുതോണിയിലും പ്രദർശനം ഒരുക്കി. എഡിഎം ഷൈജു പി ജേക്കബ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ , സെക്രട്ടറി ഡി ജ്യോതി, സിവിൽ സ്റ്റേഷൻ ജീവനക്കാർ തുടങ്ങിയവർ പൈനാവിലും വലിയൊരു ജനാവലി ചെറുതോണിയിലും പ്രദർശനം വീക്ഷിച്ചു.
ചിത്ര പ്രദർശനത്തിന്റെ മൂന്നാം ദിവസം തങ്കമണി, ഇരട്ടയാർ, കട്ടപ്പന, മേഖലകളിലൂടെ സഞ്ചരിച്ച് പര്യടന വാഹനം വണ്ടിപെരിയാർ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പൂർത്തിയാക്കി.
കുടിയേറ്റ ജനതയുടെ അധ്വാനത്തിന്റെയും വളർച്ചയുടെയും നിറകാഴ്ചകൾക്കൊപ്പം നാടിന്റെ നാനാവിധ വികസനവും ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്തുക വഴി കാഴ്ചക്കാർക്ക് പുതിയ അറിവാണ് ലഭിക്കുന്നതെന്ന് കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടു. നവകേരള മിഷന്റെ പ്രവർത്തന മികവും ഇടുക്കിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടെ ദൃശ്യവിരുന്നിനു മാറ്റുകൂട്ടി ചിത്രങ്ങളെ കുറിച്ച് ലഘുവിവരണങ്ങളും അവയുടെ ചരിത്ര പശ്ചാത്തലവും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് അണിയിച്ചൊരുക്കിയ സുവർണ്ണ ഗീതം ആസ്വദിക്കുന്നതിനായി പ്രത്യേക സ്‌ക്രീനും വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.