തൊടുപുഴ: മൊറട്ടോറിയം കാലാവധി ഡിസംബർ 31ന് തീർന്നതിന് പിന്നാലെ ബാങ്ക് വായ്പാ കുടിശിഖയുള്ള കർഷകർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു. വായ്പകളുടെ തിരിച്ചടവിൽ തുടർച്ചയായി മൂന്ന് ഗഡുക്കളോ അതിലധികമോ വീഴ്ച വരുത്തിയവർക്കാണ് നോട്ടീസ് ലഭിച്ചു തുടങ്ങിയത്. ഇത്തരത്തിൽ ഇരുപതിനായിരത്തിലേറെ കർഷകർക്ക് ജില്ലയിൽ നോട്ടീസ് ലഭിച്ചതായാണ് വിവരം. കാലാവധി കഴിഞ്ഞിട്ടും വായ്പകൾ തിരിച്ചടയ്ക്കാത്ത കർഷകർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മോറട്ടോറിയം സമയത്ത് ബാങ്കുകൾ റവന്യൂവകുപ്പിന് നൽകിയ അപേക്ഷകളാണ് ഇപ്പോൾ കൂട്ടത്തോടെ അയക്കുന്നത്. മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശയടക്കം ചേർത്ത് തിരിച്ചയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ബാങ്കുകൾ നേരിട്ടും ഫോൺ മുഖേനയും തിരിച്ചടവിന് നിർബന്ധിക്കുന്നതായും ആക്ഷേപമുണ്ട്. 2018ലെ പ്രളയം മുതൽ ആരംഭിച്ച മൊറട്ടോറിയം കൊവിഡിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇത് അവസാനിച്ചതോടെയാണ് ദേശസാത്കൃത ബാങ്കുകളടക്കം റിക്കവറി നടപടി ആരംഭിച്ചത്. ജപ്തി ഭീഷണിമൂലം 15ൽപരം കർഷകർ ആത്മഹത്യ ചെയ്ത ജില്ലയെന്ന പരിഗണന പോലും നൽകാതെയുള്ള ഈ നടപടി മലയോരജനതയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഏറെ പേരും മക്കളുടെ വിദ്യാഭ്യാസത്തിനും പെൺമക്കളുടെ വിവാഹത്തിനും മറ്റുമെടുത്ത വായ്പകളാണേറെയും. തുടർച്ചയായെത്തിയ പ്രളയത്തിൽ കൃഷി നശിച്ചതും കൊവിഡിനെ തുടർന്ന് വിളകൾക്ക് വിലയിടിഞ്ഞതും മൂലം വിചാരിച്ചതുപോലെ വായ്പ തിരിച്ചടയ്ക്കാനായില്ല. കർഷകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്ന് ബാങ്കുകളും സർക്കാരും പിൻവാങ്ങണമെന്നാണ് കർഷകസംഘടനകളുടെ ആവശ്യം. തിരിച്ചടവിന് കൂടുതൽ ഇളവും സാവകാശവും നൽകണം. കാർഷികകടാശ്വാസ കമ്മിഷൻ നൽകുന്ന ആനുകൂല്യം ഇരട്ടിയായി വർദ്ധിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരു ആനുകൂല്യവും കർഷകർക്ക് ലഭിച്ചിട്ടില്ലെന്നും അവർ ആവശ്യപ്പെടുന്നു.

ആശങ്ക വേണ്ട

''റവന്യൂ റിക്കവറി നോട്ടീസ് നൽകുന്നത് സാധാരണ നടപടിയാണ്. ഇതിന്റെ അർത്ഥം ഉടൻ ജപ്തി ചെയ്യുമെന്നല്ല. ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി നടത്തുന്ന അദാലത്തിന്റെ ഭാഗമായും നോട്ടീസ് നൽകാറുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.""

-വി. രാജഗോപാലൻ (ലീഡ് ബാങ്ക് മാനേജർ)