maryshaji


കട്ടപ്പന : മഴമറ കൃഷിയിൽ സമ്പൂർണ്ണ വിജയം കൊയ്യുകയാണ് ഈ വീട്ടമ്മ.ഉപ്പുതറ കൊച്ചീറ്റക്കാനം മുത്തുമാക്കുഴിയിൽ മേരി ഷാജിയാണ് ഒരു വീട്ടിലേയ്ക്കാവശ്യമായ എല്ലാത്തരം പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിച്ച് മാതൃകയാകുന്നത്.പച്ചമുളക്, കാരറ്റ്, ബീറ്റുറൂട്ട്, പാവയ്ക്ക, ബീൻസ് , പടവലം, കോവൽ, വഴുതന, തക്കാളി, കാബേജ്
തുടങ്ങിയവ സമൃദ്ധമായിട്ടാണ് ഈ വീട്ടമ്മയുടെ പുരയിടത്തിൽ വിളയുന്നത്.കൃഷി തുടങ്ങിയതിന് ശേഷം കടകളിൽ നിന്ന് പച്ചക്കറികൾ മേരിയ്ക്ക് വാങ്ങേണ്ടി വന്നിട്ടില്ല. ചില സീസണുകളിൽ കൂടുതൽ പച്ചക്കറികൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അധികമായി ലഭിക്കുന്ന വിളകൾ ചെറിയ തുകയിൽ ആവശ്യക്കാർക്ക് വിൽക്കുകയാണ് പതിവ്.കൃഷി വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടാണ് മേരി ഷാജിക്ക് കൃഷി ഭവൻ മുഖേനെ മഴമറ കൃഷി നടത്താനായി തൈകൾ ലഭിച്ചത്. ജൈവ കൃഷി രീതിയാണ് നടത്തുന്നത്. ഇതിനാൽ ആവശ്യക്കാരും ഏറെയാണ്. ഹൈറേഞ്ചിൽ വിരളമായി കാണുന്ന ഉരുളക്കിഴങ്ങ്, സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയും ധാരാളമായി വളരുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഭീഷണിയെന്നാണ് മേരി പറയുന്നത്. എന്നാൽ കൃത്യമായ പരിചരണം നൽകിയാൽ ഏതു കാലാവസ്ഥയേയും മറികടക്കാനാകുമെന്നും വീട്ടമ്മ പറയുന്നു.