
കട്ടപ്പന : ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന കെ.എസ്.ഇ.ബി അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ പങ്ക് കൃത്യമായി പരിശോധിക്കമെന്നും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ കട്ടപ്പനയിൽ ആവശ്യപ്പെട്ടു. മണ്ഡലതല ബൂത്ത് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കെ.എസ് ഇ.ബിയുടെ അധീനതയിലുള്ള നൂറുകണക്കിന് ഏക്കർ സ്ഥലമാണ് ദുരുപയോഗം ചെയ്തിരിക്കുന്നത്.
വാഗമണ്ണിലെ തോട്ടങ്ങൾ മുറിച്ചു വിറ്റ് കെട്ടിടങ്ങൾ പണിയാൻ ഒത്താശ ചെയ്യുന്നത് സി.പി.എമ്മും സി.പി.ഐയുമാണ്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് ജനങ്ങളോട് പറയാൻ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.