മൂന്നാർ :ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മുതിരപ്പുഴ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുതിരപ്പുഴയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് മുതിരപ്പുഴ നമ്മുടേത്, എല്ലാവരും പുഴയിലേക്ക് എന്ന സന്ദേശവുമായി സമഗ്ര പുഴ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പുഴയിലേക്കുള്ള മാലിന്യ നിക്ഷേപം തടയുക, മാലിന്യ മുക്തമായ പുഴയുടെ ഒഴുക്ക് വീണ്ടെടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് മുൻഗണന. മൂന്നാറിലെ വിവിധ സന്നദ്ധസംഘടനകളുടെയും വ്യാപാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയുമൊക്കെ പങ്കാളിത്തതോടെ പദ്ധതി വിജയത്തിലെത്തിക്കുവാനാണ് പദ്ധതി. അഡ്വ. എ രാജ എംഎൽഎ ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയും എംഎൽഎയും ആദ്യ ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
. മൂന്നാർ ഹെഡ് പോസ്റ്റോഫീസിന് സമീപത്തു നിന്നായിരുന്നു ശുചീകരണ ജോലികൾക്ക് തുടക്കം കുറിച്ചത്. വരും വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ട്രീറ്റ്‌മെന്റ് പ്ലാന്റ്, വെയിസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ നിർമ്മിക്കുന്ന കാര്യവും പഞ്ചായത്തിന്റെ പരിഗണനയിൽ ഉണ്ട്. കൂടാതെ പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ, സെക്രട്ടറി കെ എൻ സഹജൻ, പഞ്ചായത്തംഗങ്ങൾ, സന്നദ്ധസംഘടന പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.