തൊടുപുഴ: വാഹനാപകടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നാട്ടുകാരും വിദ്യാർത്ഥികളും ഏറ്റുമുട്ടിയത് പെരുമ്പിള്ളിച്ചിറയിൽ ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് 6.15ന് തൊടുപുഴയിൽ നിന്ന് ഏഴല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥിയുടെ ബൈക്ക് ഇടിപ്പിച്ചു മുതലാണ് സംഭവങ്ങളുടെ തുടക്കം. ബൈക്ക് നന്നാക്കി നൽകാമെന്ന് കാർ ഡ്രൈവർ പറഞ്ഞെങ്കിലും വിദ്യാർത്ഥികളിൽ ചിലർ ഇത് സമ്മതിച്ചില്ല. വിഷയത്തിലിടപ്പെട്ട നാട്ടുകാരായ ചില യുവാക്കൾ വിദ്യാർത്ഥികൾ അമിതവേഗതയിൽ വാഹനമോടിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഇത് പിന്നീട് കൂട്ടത്തല്ലായി മാറുകയായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ അഞ്ച് വണ്ടി പൊലീസെത്തിയാണ് സ്ഥതിഗതികൾ ശാന്തമാക്കിയത്. സംഘർഷത്തിൽ ആറോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവർ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.