രാജകുമാരി : ഏലത്തോട്ടത്തിൽ പണി കഴിഞ്ഞ ശേഷം വിറക് ശേഖരിക്കാൻ പോയ ഒരാളെ കാട്ടാന വിരട്ടി ഓടിച്ചു. രക്ഷപെടുന്നതിനനിടയിൽ വീണ് ഗുരുതര പരുക്കേറ്റ മുട്ടുകാട് പീക്ക്കാട് എസ്റ്റേറ്റ് സ്വദേശി രാമറിനെ(38) തമിഴ്‌നാട് തേനിയിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ച്ചയിൽ രാമറിന്റെ കാലിന് നാല് ഒടിവുണ്ട്.പെരിയകനാൽ പീക്ക് റിസോർട്ടിനു സമീപം ഇന്നലെ വൈകിട്ട് 5 നാണ് സംഭവം ഉണ്ടായത്. വിറക് ശേഖരിക്കാൻ പോകുന്നതിനിടയിൽ മുറിവാലൻ കൊമ്പൻ എന്ന കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. കാട്ടാന ആക്രമിക്കാൻ തുടങ്ങവെ രാമർ ഓടി രക്ഷപ്പെടുന്നതിനിടെയാണ് വീണ് കാലിന് ഒടിവുണ്ടായത്.വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രാമറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.