swapna-suresh

തൊടുപുഴ: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചു. ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി ഒഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസബിലിറ്റി ഡയറക്ടറായാണ് തൊടുപുഴയിലെ എച്ച്.ആർ.ഡി.എസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ചുമതലയേറ്റെടുത്തത്. കോഓർഡിനേറ്ററുടെ ചുമതലയും വഹിക്കും. സംഘപരിവാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസ് ആദിവാസികൾക്ക് വീടു നിർമ്മിച്ചുനൽകുന്നതുൾപ്പെടെ സാമൂഹ്യസേവനരംഗത്തു സജീവമാണ്.
പുതിയ ജോലി ജീവിതത്തിലെ രണ്ടാം ഭാഗത്തിന്റെ തുടക്കമാണെന്ന് സ്വപ്ന പറഞ്ഞു.
സ്വപ്‌നയുടെ സാമൂഹിക സേവന രംഗത്തെ താത്പര്യവും കഴിവും പരിഗണിച്ചാണ് ജോലി നൽകിയതെന്ന് എച്ച്.ആർ.ഡി.എസ് ചീഫ് പ്രോജക്ട് കോ ഓർഡിനേറ്റർ ജോയി മാത്യുവും പ്രോജക്ട് മാനേജർ ബിജു കൃഷ്ണനും പറഞ്ഞു. കോടതി കുറ്റക്കാരിയായി വിധിക്കാത്തത് കൊണ്ടാണ് നിയമനം നൽകിയതെന്നും അവർ പറഞ്ഞു. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം. കഴിഞ്ഞ ദിവസം കേസിൽ ഇ.ഡിക്ക് മൊഴിനൽകാൻ എത്തിയ സ്വപ്ന ആരോഗ്യകാരണങ്ങളാൽ സാവകാശം തേടിയിരുന്നു.