
വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ
തൊടുപുഴ: മരം മുറി വിവാദത്തെ തുടർന്ന് സസ്‌പെന്ഷനിലായ അടിമാലി റേഞ്ച് മുൻ ഫോറസ്റ്റ് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി അനധികൃത സ്വത്തുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോർട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു.
അടിമാലി റെയ്ഞ്ച് ഓഫീസറായിരിക്കെ മരം മുറിക്കാൻ 154 അനധികൃത പാസുകൾ നല്കിയതിന് നടപടി നേരിടുന്നയാളാണ് ജോജി ജോൺ. അനധികൃത പാസ് നല്കിയതിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ റേഞ്ച് ഓഫീസറായിരിക്കെ ജോജി ജോൺ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലന്‌സിന് പരാതി ലഭിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലൻസ് എറണാകുളം സ്‌പെഷ്യൽ യൂണിറ്റാണ് കേസെടുത്തത്. സ്‌പെഷ്യൽ സെൽ ഡിവൈ.എസ്.പി. ടി.യു. സജീവന്റെ നേതൃത്വത്തിലാണ് ജോജിയുടെ വീട്ടിലും, തേക്കടിയിൽ അമ്മയുടെ പേരിലുള്ള റിസോർട്ടിലും പരിശോധന നടത്തിയത്. സ്വത്ത് സംബന്ധിച്ച രേഖകളും, ബാങ്ക് പാസ് ബുക്കുകളും ബാങ്കിടപാടുകളുടെ രേഖകളും വിജിലൻസ് പിടിച്ചെടുത്തു. വീട്ടിലും റിസോർട്ടിലുമുള്ള തടി ഉപകരണങ്ങളും മറ്റും പരിശോധിക്കും.