മൂലമറ്റം: പേവിഷബാധയേറ്റ് 2 കറവ പശുക്കൾ ചത്തു. അറക്കുളം പഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടന്റെ പശുവും സമീപവാസിയുടെ പശുവുമാണ് ചത്തത്. വേലുക്കുട്ടന്റെ പശു വ്യാഴാഴ്‌ച്ചയും സമീപ വാസിയുടേത് ബുധനാഴ്ച്ചയുമാണ് ചത്തത്. കറവയുള്ള വെച്ചൂർ ഇനത്തിൽപെട്ട പശുക്കളാണ് രണ്ടും. വിഷബാധയേറ്റ ഒരു പശുവിനെ പഞ്ചായത്ത് അധികൃതരുടെ സാന്നിദ്ധ്യത്തിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. കുറുക്കൻ കടിച്ചാൽ പശുക്കളിൽ വിഷ ബാധ ലക്ഷണങ്ങൾ കാണിക്കുകയും ലക്ഷണം കണ്ടാൽ 24 മണിക്കൂറിനുള്ളിൽ പശുക്കളുടെ മരണം സംഭവിക്കുകയും ചെയ്യുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. അറക്കുളം പഞ്ചായത്ത്‌ പ്രദേശത്ത് തെരുവ് നായ, കുറുക്കൻ എന്നിവയുടെ ശല്യം അതി രൂക്ഷമാണ്. ഇക്കാരണത്താൽ തെരുവ് നായയാണോ കുറക്കനാണോ പശുക്കളെ കടിച്ചത് എന്നതിൽ വ്യക്തതയില്ല. സംഭവം നടന്ന ഭാഗത്തുളള 5 പേർ പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചിട്ടുണ്ട്. രണ്ട് പശുക്കൾ ചത്തതിനെ തുടർന്ന് പശുക്കളെ വളർത്തി ഉപജീവനം നടത്തുന്നവരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. കുത്തിവെയ്പ്പ് എടുത്തത് മെഡിക്കൽ കോളേജിൽ നിന്ന് അറക്കുളത്ത് പേവിഷബാധയേറ്റതിനെ തുടർന്ന് അധികൃതർ വെടിവെച്ച് കൊന്ന പശുവുമായി അടുത്തിടപ്പെട്ട 2 പേർ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുമാണ്. ഇവർക്ക് പശുവിന്റെ കടിയേറ്റതിനെ തുടർന്ന് ശരീരത്തിൽ ചില മുറിവുകൾ സംഭവിച്ചിരുന്നു. അറക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ ഇവരോട് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാൻ ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ജില്ലാ ആശുപത്രിയിൽ നിന്നും ഇവരെ കോട്ടയത്തേക്ക് പറഞ്ഞയച്ചു. ഇത്തരം സംഭവങ്ങളിൽ മൃഗങ്ങളുടെ കടിയേറ്റ് മുറിവ് ഉണ്ടായാൽ മുറിവിൽ കുത്തിവെയ്ക്കണം. കുത്തിവെപ്പും അതിനുള്ള മരുന്നും മറ്റ് സൗകര്യവും മെഡിക്കൽ കോളേജിലാണ് ലഭ്യമാവുകയുള്ളു. അതു കൊണ്ടാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് അയച്ചത് എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.