road

രാജാക്കാട് :സേനാപതി പഞ്ചായത്തിലെ അരിവിളംചാലിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയത്തിന്റെ സ്ഥലം കയ്യേറിയ ഭൂമാഫിയക്കെതിരെ ബി.ജെ.പി സേനാപതി പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരും മറ്റ് പിന്നാക്ക വിഭാഗത്തിലെ പാവപ്പെട്ട കുട്ടികളും പഠിക്കുന്ന മേഖലയിലെ ഏക സർക്കാർ വിദ്യാലയമാണിത്. ചില ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ ഭൂമി കയ്യേറി എന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് പി.റ്റി.എ ഭാരവാഹികൾ സ്ഥാനം രാജിവച്ചിരുന്നു.

മുൻസിഫ് കോടതി മുതൽ ജില്ലാ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിൽ സ്ഥലം സ്‌കൂളിന്റേതാണെന്ന് വിധിച്ചിട്ടുള്ളതാണ്. ഈ ഉത്തരവ് നിലനിൽക്കുമ്പോഴാണ് മാഫിയ സംഘം ഭൂമി കയ്യേറിയത്. സർക്കാർ അവധി ദിനത്തിൽ ജെസിബി ഉപയോഗിച്ച് സ്‌കൂളിന്റെ സ്ഥലത്തു കൂടി റോഡ് വെട്ടിയതായാണ് ആരോപണം. ഇതിനെതിരെയാണ് ബി.ജെ.പി. പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇതോടൊപ്പം ആദിവാസികളെ കബളിപ്പിച്ച് അവരുടെ ഭൂസ്വത്തുക്കൾ തട്ടിയെടുത്തതായും ആരോപണം ഉയരുന്നുണ്ട്.

സർക്കാർ സ്‌കൂളിന്റെ സ്ഥലം മതിലുകെട്ടി സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടിയുണ്ടാകണമെന്നും ബി ജെ പി നേതാക്കൾ ആവശ്യപ്പെട്ടു. ഭൂമാഫിയ കയ്യേറിയ സ്ഥലം തിരിച്ച് പിടിക്കുന്നതിന് ഗ്രാമ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. മാഫിയ കൈവശപ്പെടുത്തിയ ആദിവാസികളുടെ സ്ഥലം അവർക്കു തന്നെ തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ റവന്യു വകുപ്പ് തയ്യാറാകണമെന്നും ബിജെപി നേതാക്കൾ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിച്ച് നിയമസഹായം തേടുന്നതിനും പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്‌കരിക്കുമെന്നും ഇവർ അറിയിച്ചു. ബി.ജെ.പി ജില്ലാ നേതാക്കളായ ബാലൻ തെക്കെരിക്കൽ ,ജോയി തോമസ്,സേനാപതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി അരിക്കാട്ട്, ജനറൽ സെക്രട്ടറി,കെ.സി സജീവൻ, സെക്രട്ടറി ബിജു കാട്ടാപ്പള്ളി,രാജകുമാരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.മോഹനൻ,സെക്രട്ടറി എം.ജി ജിജി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.