കുടയത്തൂർ: കുടയത്തൂർ പാലത്തിൽ സിഗ്നൽ ലൈറ്റില്ലാത്തത് വയനക്കാവ് ഉത്സവത്തിനെത്തിയ ഭക്തജനങ്ങളെ ദുരിതത്തിലാക്കി. പാലത്തിന്റെ വീതി കുറവ് കാരണമാണ് സുഗമമായ ഗതാഗതത്തിന് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നത്. സോളാർ സംവിധാനത്തിൽ ആണ് സിഗ്നൽ ലൈറ്റ് പ്രവർത്തിച്ചിരുന്നത്. ഇത് പലപ്പോഴും പ്രവർത്തനരഹിതമാണ്. ഇതേ തുടർന്ന് ഇന്നലെ വയനക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിയവർക്ക് ഏറെ നേരം പാലത്തിൽ കുടുങ്ങി കിടക്കേണ്ടി വന്നതായി പറയുന്നു. വൈകിട്ട് ദീപാരാധനക്കായി എത്തിയവർക്ക് പൂജാ സമയത്ത് ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ കഴിഞ്ഞില്ല. ഇരുവശത്തു നിന്നും ഒരേ സമയം വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിച്ചതോടെ ദീർഘനേരമാണ് വാഹനങ്ങൾ പാലത്തിൽ കുടുങ്ങിയത്.