മൂന്നാർ. ആനത്തേറ്റയും മ്ലാവിന്റെ കൊമ്പുമായി മൂന്നു പേർ വനം വകുപ്പിന്റെ പിടിയിലായി. വനം വകുപ്പിന്റെ മൂന്നാർ ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കെ.ഡി.എച്ച്.പി ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷൻ സ്വദേശികളായ നവരാജ് (41) പ്രേംകുമാർ (43) ദേവികുളം കോളനി സ്വദേശിയായ പാണ്ടിത്തുരൈ (36) എന്നിവരാണ് പിടിയിലായത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൂന്നാർ ദേവികുളം റോഡിൽ മൂന്നാർ ഗവൺമെന്റ് കോളേജിനു സമീപത്തു വച്ചാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. ഓട്ടോയിൽ എത്തിക്കുവാനുള്ള ശ്രമത്തിലാണ് യുവാക്കൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിടിച്ചെടുത്ത് നാലു ആനത്തേറ്റകൾക്ക് ആറു കിലോയോളം ഭാരം വരും. ദേവികുളം റെയിഞ്ച് ഓഫീസർ അരുൺമഹാരാജിന്റെ നേതൃത്വത്തിലായിരുന്നു പിടിച്ചെടുത്തത്. . ഒരിടവേളയ്ക്കു ശേഷം മൂന്നാറിൽ വന്യമൃഗങ്ങളുടെ കൊമ്പുകളും മറ്റുമായി പിടിയിലാകുന്ന സംഘങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടയിൽ മൂന്നു കേസുകളിലായി പത്തു പേരാണ് ഇതു വരെ വനം വകുപ്പിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രിസ് കൈമാറ്റം ചെയ്യുന്നതിനിടയിൽ ആറു പേർ പിടിയിലായിരുന്നു. കഴിഞ്ഞയാഴ്ച പള്ളിവാസലിൽ വച്ച് മാൻകൊമ്പുമായും ഒരാൾ പിടിയിലായിരുന്നു.