തൊടുപുഴ: ഭാര്യയുടെ കാലിന് മുട്ടുവേദനയാണെന്നും ചികിത്സാ ധനസഹായം വേണമെന്നും പറഞ്ഞ് കടകളിൽ പിരിവ് നടത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കേസെടുത്തു. പെരുമാംകണ്ടം സ്വദേശി ജോൺസൺ സ്കറിയക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ രാവിലെയാണ് സുഹൃത്തുമായി കാരിക്കോട് ജംഗ്ഷനിലെ കടകളിൽ കയറി പിരിവ് നടത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ കട ഉടമകൾ വിവരം പൊലീസിൽ അറിയിച്ചു. പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൂട്ടാളി ഇതോടെ സ്ഥലത്ത് നിന്നും മുങ്ങി. വീട്ടുകാരിൽ നിന്നും വിവരം ശേഖരിച്ചപ്പോൾ ജോൺസൺ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായി. ഇതോടെ മദ്യപിക്കാൻ വേണ്ടിയാണ് പിരിവ് നടത്തിയതെന്ന് സമ്മതിച്ചു. കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.