swapna

എസ്. കൃഷ്ണകുമാറിനെ പുറത്താക്കിയതാണെന്ന് ഭാരവാഹി

തൊടുപുഴ: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ സി.എസ്.ആർ ഡയറക്ടറായി നിയമിച്ചതിന് പിന്നാലെ സന്നദ്ധസംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയിൽ (എച്ച്.ആർ.ഡി.എസ്) ഭിന്നത. സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ സ്വപ്നയുടെ നിയമനം റദ്ദാക്കുകയാണെന്ന് ചെയർമാനും മുൻകേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാർ വ്യക്തമാക്കി. പിന്നാലെ സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും കഷ്ണകുമാറിനെ സംഘടനയിൽ നിന്ന് ആറ് മാസം മുമ്പ് പുറത്താക്കിയെന്നും പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ വ്യക്താക്കി. സ്വപ്നയ്ക്ക് ജോലി നൽകിയത് നിയമവിരുദ്ധമാണെന്നും തനിക്കോ ബോർഡിനോ പങ്കില്ലെന്നുമുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവനയും അദ്ദേഹം തള്ളി. സംഘടനയുടെ ഭാരവാഹി അല്ലാത്ത ഒരാൾക്ക് സ്വപ്നയെ പുറത്താക്കിയെന്ന് അവകാശപ്പെടാനാവില്ല. കൃഷ്ണകുമാർ സംഘടനയിൽ നിന്ന് ഒരു കോടി രൂപ കടം എടുത്തിരുന്നു. അത് തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് കാരണം. മറ്റ് നിരവധി ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് കൃഷ്ണകുമാറിനെ പുറത്താക്കിയതെന്നും ബിജു പറഞ്ഞു.

ആദിവാസി ക്ഷേമത്തിന് പ്രവർത്തിക്കുന്ന സംഘപരിവാർ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസിന്റെ തൊടുപുഴിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ വെള്ളിയാഴ്ച സ്വപ്ന ജോലിയിൽ പ്രവേശിച്ചിരുന്നു.

ബി.ജെ.പിക്ക് ബന്ധമില്ല: കെ. സുരേന്ദ്രൻ

സംഘപരിവാർ ബന്ധം ചർച്ചയായതോടെ പാർട്ടിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സി.പി.എം നേതാവ് എം.എം. മണി എം.എൽ.എയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത്. ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എസ്.എഫ്.ഐ മുൻ നേതാവാണ് സ്വപ്നയ്ക്ക് ജോലി ശരിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.