തൊടുപുഴ: ഇരുചക്രവാഹനങ്ങളുടെയും മറ്റും സൈലൻസറിൽ മാറ്റങ്ങൾ വരുത്തി 'വൈലന്റായി" നിരത്തിലോടുന്ന വാഹനങ്ങൾ പിടികൂടാൻ രംഗത്തിറങ്ങിയ മോട്ടോർ വാഹന വകുപ്പിന്റെ പോക്കറ്റിൽ ഒരാഴ്ചകൊണ്ട് വീണത് 13.19 ലക്ഷം രൂപ. മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി 'ഓപ്പറേഷൻ സൈലൻസ്" എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് 400 കേസുകളിലായി 13,​19,000 രൂപ പിഴയീടാക്കിയത്. വാഹനങ്ങളിലെ സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ പിടികൂടാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശത്തെ തുടർന്നായിരുന്നു കഴിഞ്ഞ ഒരാഴ്ച പ്രത്യേക പരിശോധന നടത്തിയത്. ന്യൂജനറേഷൻ ബൈക്കുകളിലും മറ്റും സൈലൻസറിൽ ഭേദഗതി വരുത്തി ജനങ്ങൾക്ക് അരോചകമാകുന്ന വിധത്തിൽ അമിത ശബ്ദത്തിൽ യുവാക്കൾ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾക്കെതിരെ പരാതി ശക്തമായ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടിയുമായി രംഗത്തിറങ്ങിയത്. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയവർക്ക് പിഴ ചുമത്തിയ ശേഷം സ്വന്തം ചെലവിൽ പഴയ പടിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിർദേശം പാലിച്ചില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിലായി ആറു സംഘങ്ങളാണ് പരിശോധന നടത്തിയത്. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് പുറമെ ആർ.ടി ഓഫീസ്, സബ് ആർ.ടി ഓഫീസ് എന്നിവിടങ്ങളിലെ എം.വി.ഐമാരും എ.എം.വി.ഐ.മാരും പരിശോധനയിൽ പങ്കെടുത്തു. ഇരുചക്ര വാഹനങ്ങൾക്ക് പുറമെ ഫാൻസി മോഡലിലുള്ള കാറുകളിലും പരിശോധന ഉണ്ടായിരുന്നു. ഇടുക്കി ആർ.ടി.ഒ ആഫിസ്, തൊടുപുഴ, ഉടുമ്പൻചോല, വണ്ടിപെരിയാർ എന്നീ നാല് സബ് ആർ.ടി.ഒ ആഫീസുകളുടെയും നേതൃത്വത്തിലുമായിരുന്നു പരിശോധന.

കേസുകളിങ്ങനെ

രൂപമാറ്റം വരുത്തിയതിന്- 40 കേസുകൾ

അമിത ശബ്ദമുള്ള സൈലൻസർ- 30 കേസുകൾ

മറ്റ് നിയമലംഘനങ്ങൾ- 330

പ്രധാന കുറ്റങ്ങൾ

സൈലൻസറിൽ മാറ്റം വരുത്തുക
ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക

ഹാൻഡിൽ ബാർ മാറ്റുക

അനധികൃത രൂപ മാറ്റം വരുത്തൽ

മറയൂരിൽ പരിശോധന നാളെ

മറയൂരിൽ നാളെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ സംയുക്ത പരിശോധന നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയുടെയും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസും നടത്തും.

'' സ്‌ക്വാഡുകളുടെ സംയുക്ത മിന്നൽ പരിശോധന വരും ആഴ്ചകളിൽ ഉണ്ടാകും. തൊടുപുഴ, മങ്ങാട്ടുകവല, വെങ്ങല്ലൂർ, കോലാനി ബൈപാസുകളിൽ നടക്കുന്ന റേസിംഗുകളും അഭ്യാസ പ്രകടനങ്ങളും വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതു പോലുള്ള നിയമലംഘനങ്ങൾ പിടികൂടാൻ മഫ്തിയിലുള്ള ഓപ്പറേഷനുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

-എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീർ