തൊടുപുഴ: നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും വഴിയോരങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ജനത്തിന്റെ ജീവന് ഭീഷണിയായി തുടരുമ്പോഴും അധികൃതർ നിശബ്ദരാവുകയാണെന്ന് ആക്ഷേപം. ദേശിയ പാത - സംസ്ഥാന പാത - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പാത എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ വഴിയോരങ്ങളിൽ ചെറുതും വലുതുമായ അനേകം മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. വെയിലത്ത് ഉണങ്ങി ദ്രവിച്ചതും കേടായതുമായ മരങ്ങളും മരത്തിന്റെ ശിഖരങ്ങളും മഴ, വേനൽ എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ ഏത് കാലാവസ്ഥയിലും വ്യാപകമായി അപകടങ്ങൾക്ക് കാരണമാവുകയാണ്. മരങ്ങൾ കടപുഴകി മറിഞ്ഞ് വീണും ശിഖരങ്ങൾ ഒടിഞ്ഞും തൊടുപുഴ മേഖലയിലേയും വിവിധ പ്രദേശങ്ങളിലുള്ള അനേകം ആളുകൾക്കും വളർത്ത് മൃഗങ്ങൾക്കും വീട്, മറ്റ് കെട്ടിടങ്ങൾ, കൃഷി, വാഹനങ്ങൾ എന്നിങ്ങനെയും അടുത്ത നാളിൽ വ്യാപകമായി നാശം സംഭവിച്ചിട്ടുണ്ടെന്ന് അഗ്നിശമന അധികൃതർ പറഞ്ഞു. വഴിയോരങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങളോ, മരങ്ങൾ പൂർണ്ണമായോ മുറിച്ച് മാറ്റണമെന്ന് വിവിധ വകുപ്പ് അധികൃതർക്ക് കളക്ടർ ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമായില്ല. ഡ്രൈവർമാർക്ക് റോഡ് കാണാൻ കഴിയാത്ത വിധം കാഴ്ച്ച മറച്ചും വലിയ മരങ്ങൾ വഴിയോരങ്ങളിലുണ്ട്. ഇത് സംഭന്ധിച്ചും വ്യാപകമായി പരാതികളുണ്ടെങ്കിലും വർഷങ്ങളായി പരിഹരിച്ചിട്ടില്ല. ചില സ്ഥലങ്ങളിൽ ഇത്തരം പരാതികൾ കോടതികളിൽ കേസും നിലനിൽക്കുന്നുണ്ട്.
ട്രീ പ്രൊട്ടക്ഷൻ കമ്മറ്റി
മരത്തിന്റെ അപകടാവസ്ഥകൾ സംബന്ധിച്ച് പരിഹാരം കാണുന്നത് തദ്ദേശ സ്ഥാപങ്ങളിലുള്ള ട്രീ പ്രൊട്ടക്ഷൻ കമ്മറ്റി (ടി പി സി) യാണ്. തദ്ദേശ സ്ഥാപന അധ്യക്ഷർ ചെയർമാൻ, തദ്ദേശ സ്ഥാപന സെക്രട്ടറി കൺവീനർ, വില്ലേജ് ഓഫീസർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവർ അംഗങ്ങളായ കമ്മറ്റിയാണ് ടി പി സി. മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ മരം പൂർണ്ണമായും മുറിക്കണോ ശിഖരം മുറിച്ചാൽ മതിയോ എന്ന് തീരുമാനിക്കുന്നത് ഈ കമ്മറ്റിയാണ്. മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ചുള്ള പരാതികൾ ടി പി സി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പിന് കൈമാറും. സ്വകാര്യ പറമ്പിലെ പ്രശ്നമാണെങ്കിൽ ഉടമയെ വിവരം അറിയിക്കും.
ടെണ്ടർ എടുക്കുന്നില്ല.
തൊടുപുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡരുകിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ/ ശിഖരങ്ങൾ ഇറക്കാൻ പൊതു മരാമത്ത് വകുപ്പ് രണ്ട് വർഷങ്ങളായി തുടർച്ചയായി ടെൻഡർ ക്ഷണിക്കുന്നുണ്ടെങ്കിലും തുക കൂടുതൽ ആയതിനാൽ ആരും ടെണ്ടർ ഏറ്റെടുക്കാൻ മുന്നോട്ട് വരുന്നുമില്ല.