മുട്ടം: ഇടപ്പള്ളി ബൈപാസ് റോഡിന് വേണ്ടി അളന്ന് തിരിച്ച സ്ഥലം കയ്യേറി മുട്ടം ഐ എച്ച് ആർ ഡി കോളേജ് അധികൃതർ പ്രവേശന കവാടം സ്ഥാപിക്കുന്നതായി പരാതി. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ മുട്ടം റീജിനൽ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി കോളേജിന് വേണ്ടിയാണ് പ്രവേശന കവാടം സ്ഥാപിക്കുന്നത്. ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ വിഭാവനം ചെയ്ത പെരുമറ്റം - ഇടപ്പള്ളി - തോട്ടുങ്കര ബൈപാസ് റോഡിന് വേണ്ടി ലക്ഷങ്ങൾ ചിലവിട്ട് സർവ്വേ നടത്തി സ്ഥലം അളന്ന് തിരിച്ച് സർവ്വേ കല്ല് സ്ഥാപിച്ചിട്ട് 10 വർഷങ്ങൾ കഴിഞ്ഞു. എന്നാൽ അധികൃതരുടെ താല്പര്യക്കുറവിനാൽ ബൈപാസിന്റെ തുടർ പ്രവർത്തികൾ വർഷങ്ങളായി സ്തംഭിച്ച അവസ്ഥയാണ്. ബൈപാസിന് വേണ്ടി അളന്ന് തിരിച്ച ഭാഗം കയ്യേറി പ്രവേശന കവാടം സ്ഥാപിക്കുന്ന കോളേജ് അധികൃതർക്ക് എതിരെ കളക്ടർ, പൊതുമരാമത്ത്, പൊലീസ് അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. എന്നാൽ കോളേജിന് വേണ്ടി സർക്കാർ അനുവദിച്ച സ്ഥലത്താണ് കവാടം നിർമ്മിക്കുന്നത് എന്ന് ഐ എച്ച് ആർ ഡി കോളേജ് അധികൃതർ പറഞ്ഞു.