പീരുമേട്: ജില്ലയിൽ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കുമളി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. പത്ത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയുമാണ് പുരസ്‌കാരം. 2020 21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
2020 21 സാമ്പത്തിക വർഷം കുമളി ഗ്രാമപഞ്ചായത്തിന് 12 കോടി രൂപയാണ് സർക്കാറിന്റെ ബജറ്റ് വിഹിതം ലഭിച്ചത്. ഇതിൽ ജനറൽ വിഭാഗത്തിന് അഞ്ചര കോടി രൂപയും എസ്.സി.എസ്.പി ഒരു കോടി 61 ലക്ഷം രൂപയും ടി.എസ്.പി 42 ലക്ഷം രൂപയുമാണ് ലഭിച്ചത്. ജനറൽ വിഭാഗത്തിൽ 114.39 ശതമാനവും എസ്.സി.എസ്.പിയിൽ 93.19 ശതമാനവും ടി.എസ്.പിയിൽ 85.47 ശതമാനവുംഗ്രാമപഞ്ചായത്തിന് ചെലവഴിക്കാൻ കഴിഞ്ഞു. ഇതാണ് അവാർഡിന് പഞ്ചായത്തിനെ പര്യാപ്തമാക്കിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. സി.എഫ്.എൽ.ടി.സി, ഡി.സി.സി, ഹെല്പ് ഡെസ്‌ക്, ഭക്ഷണ വിതരണം തുടങ്ങി എല്ലാ പ്രവർത്തങ്ങളിലും പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പഞ്ചായത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി.
മാലിന്യ സംസ്‌കരണത്തിനും പഞ്ചായത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ചെയ്തുവരുന്നത്. പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റിയുടെ നേതൃത്തിലാണ് മാലിന്യസംസ്‌കരണ പരിപാടികൾ നടത്തുന്നത്.
ആശ്രയ പദ്ധതി, വാർഡ് പഞ്ചായത്ത് തല ജാഗ്രത സമിതികൾ, ജെന്റർ റിസോഴ്‌സ് സെന്റർ, ബഡ്‌സ് സ്‌കൂൾ, ജനകീയ ഹോട്ടൽ, വനിതാ ക്ഷേമ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാരുടെ ക്ഷേമം, ദുരന്ത നിവാരണ പദ്ധതികൾ, ജല സംരക്ഷണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പഞ്ചായത്തിൽ 100 ശതമാനം വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്.
കുമളി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് പുരസ്‌കാരത്തിന് വഴി തുറന്നതെന്നും തുടർ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ച വയ്ക്കാനുള്ള പ്രചോദനമാണ് ലഭിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, സെക്രട്ടറി സെൻമോൻ എന്നിവർ പറഞ്ഞു.