തൊടുപുഴ: സ്ഥലം മാറ്റം ഓൺലൈനായി നടത്തണം എന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി കൃഷി വകുപ്പിൽ കൃഷി അസിസ്റ്റന്റുമാരെ രാഷ്ട്രീയ താൽപര്യപ്രകാരം സ്ഥലം മാറ്റിയതായി ആരോപണം. അർഹരായവരെ തഴഞ്ഞ് പാർശ്വവർത്തികൾക്ക് ഇഷ്ടമുള്ളയിടങ്ങളിൽ നിയമനം നൽകിയതായി അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഇതിനെതിരെ അസോസിയേഷൻ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജിജീഷ് കുമാർ ഇ.ജി ,സെക്രട്ടറി കെ.ബി പ്രസാദ് എന്നിവർ അറിയിച്ചു. ജൂണിന് മുമ്പ് സ്ഥലം മാറ്റം നടത്തുന്നതിനായി ജിവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ അപ് ലോഡ് ചെയ്യണം. ഈ മാസം പത്തിനാണ് സ്പാർക്ക് ലോക്ക് ചെയ്തത്. ഇതിനിടെയാണ് ജില്ലക്കകത്ത് ജോലിക്കുള്ള സൗകര്യാർത്ഥം ജിവനക്കാരെ പുനർവിന്യസിക്കാം എന്ന താൽക്കാലിക ഉത്തരവ് മറയാക്കി ക്രമവിരുദ്ധ സ്ഥലം മാറ്റം നടപ്പാക്കിയത്. കൃഷി അസിസ്റ്റന്റുമാരുടെ പൊതു സ്ഥലം മാറ്റം നടത്താനുള്ള അധികാരം വകുപ്പ് ഡയറക്ടർക്ക് മാത്രമാണ്. അന്തിമ പട്ടികക്ക് മുമ്പ് കരട് പട്ടിക പുറത്തിറക്കി ആക്ഷേപങ്ങൾ പരിഹരിക്കണം. അഞ്ച് വർഷത്തിലേറെ അന്യജില്ലയിൽ ജോലി ചെയ്യുന്നവർക്ക് സ്വദേശത്തേക്ക് നിയമനത്തിന് മുൻഗണന കിട്ടുകയും വേണം. ഈ നടപടികളൊന്നും പാലിച്ചില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.