ഇടുക്കി :മെഡിക്കൽ കോളേജ് ഒന്നാം ബ്ലോക്കിന്റെ തീർക്കാനുള്ള എല്ലാ നിർമാണ പ്രവർത്തികളും മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ബന്ധപ്പെട്ട ഏജൻസിയ്ക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നല്കി. കളക്ട്രേറ്റിൽ ചേർന്ന മെഡിക്കൽ കോളേജ് അവലോകന യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണ ഏജൻസിയായ കിറ്റ്‌കോയ്ക്ക് മെഡിക്കൽ കോളേജ് പണിയുന്നതിനുള്ള ഫണ്ട് സർക്കാർ കൈമാറിയിട്ടുള്ളതാണെന്നും ഇത് സമയ ബന്ധിതമായി പൂർത്തിയാക്കി നൽകിയില്ലെങ്കിൽ തുടർ നടപടികൾ സർക്കാരുമായി ആലോചിച്ചു കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കണം. ബ്ലോക്ക് ഒന്നിന്റെ 95ശതമാനവും ബ്ലോക്ക് രണ്ടിന്റെ 65ശതമാനവും നിർമ്മാണ ജോലികൾ പൂർത്തിയാക്കി. അംഗീകാരം ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. യോഗത്തിൽ അഡ്വ. ഡീൻ കുര്യക്കോസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, സി.വി വർഗീസ്, എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് വർഗീസ് , എച്ച്.എം.സി അംഗം ഷിജോ തടത്തിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷീലാ. ബി, കിറ്റ്‌കോ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.