 
തൊടുപുഴ: മൂവാറ്റുപുഴ മ്യാലിൽ പുത്തൻപുര ഷമോൻ ഷാജിയും കാളിയാർ ചോലക്കുണ്ടിൽ അലീന മോൾ അലിയും തമ്മിലുള്ള വിവാഹം ആകാശ യാത്രകൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച്ച 11 മണിയോടെ വണ്ണപ്പുറത്തെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ജീവിതത്തിലെ സുപ്രധാന ദിവസം വ്യത്യസ്ഥത വേണമെന്നുള്ള ഷമോന്റെ ആഗ്രഹമാണ് യാത്ര ഹെലികോപ്ടറിലാക്കാൻ തീരുമാനിച്ചത്. മൂവാറ്റുപുഴ ഇലാഹിയ കേളേജ് ഗ്രൗണ്ടിൽ നിന്നും ഹെലികോപ്ടറിൽ കയറിയ വരൻ കാളിയാർ ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിലാണ് പറന്നിറങ്ങിയത്. അടുത്ത സുഹൃത്തുക്കളും ഷമോനൊപ്പം ഉണ്ടായിരുന്നു. തുടർന്ന്് ആഡംബര വാഹനമായ പോർഷെ കാറിലാണ് സമീപത്തെ വിവാഹ വേദിയിലേക്കെത്തിയത.് തുടർന്ന് വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവിനെയും കൂട്ടി റോൾസ് റോയിസ് കാറിലാണ് മൂവാറ്റുപുഴയ്ക്ക് തിരിച്ചത്. സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറാണ് ഷമോൻ. നിരവധി സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഷമോന്റെ വിവാഹത്തിന് സിനിമാ മേഖലയിൽ നിന്നും രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, നാദിർഷ, ടിനി ടോം തുടങ്ങിയ നടന്മാരും പങ്കെടുത്തു. ഗ്രാമീണ മേഖലയായ വണ്ണപ്പുറത്ത് ഹെലികോപ്ടറെത്തിയതും ആഡംബര വാഹനങ്ങളെത്തിയതും നാട്ടുകാർക്കും കൗതുകമായി