മുട്ടം: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ മുട്ടം ജില്ലാ ജയിലിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുന്നു. ജയിലിലെ ദൈനംദിനജോലികളും തടവുകാരെ സംരക്ഷിക്കലുമെല്ലാം കൂടി നിലവിൽ ജീവനക്കാർ വലിയ 'ശിക്ഷ"യാണ് അനുഭവിക്കുന്നത്. സൂപ്രണ്ട്- 1, അസിസ്റ്റന്റ് സൂപ്രണ്ട്- 2, വെൽഫയർ ഓഫീസർ- 1, ക്ലർക്ക്- 2, ഗാർഡ്- 20 എന്നിങ്ങനെയാണ് ജീവനക്കാർ നിലവിലുള്ളത്. ജില്ലാ ജയിലിൽ നാല്പതോളം ഗാർഡുമാർ വേണ്ടിടത്ത് 20 പേർ മാത്രമാണുള്ളത്. ഇതിൽ അഞ്ച് പേർ ട്രെയിനിംഗിന്റെ ഭാഗമായെത്തിയവരാണ്. വർക്കിംഗ് അറേഞ്ച്മെന്റും അവധിയും കഴിഞ്ഞാൽ ഇവരിൽ പകുതി പേർ മാത്രമാണ് ദിവസവും ജോലിയിലുണ്ടാകുക. ഗാർഡ് 24 മണിക്കൂർ ഡ്യൂട്ടി തുടർച്ചയായി ചെയ്യണം. പിന്നീടുള്ള 24 മണിക്കൂർ വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്. ജയിൽ വകുപ്പ് മാനുവൽ പ്രകാരം ആറ് തടവുകാർക്ക് ഒരു ഗാർഡ് വേണം. 213 പുരുഷന്മാരെയും 27 വനിതകളെയുമടക്കം 240 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മുട്ടം ജില്ലാ ജയിലിലുണ്ട്. കൊവിഡ് വ്യാപനം, സ്ഥല പരിമിതികൾ, സുരക്ഷ കാരണങ്ങൾ എന്നിവയെ തുടർന്ന് ജില്ലയിലെ മറ്റ് സബ് ജയിലുകൾ, കോട്ടയം, എറണാകുളം ജില്ലകളിലെ ജില്ലാ, സബ് ജയിലുകൾ എന്നിവിടങ്ങളിൽ നിന്ന് മുട്ടം ജില്ലാ ജയിലിലേക്ക് പതിവായി തടവുകാരെ മാറ്റുന്നുണ്ട്. ജില്ലാ ജയിലാണെങ്കിലും പ്രവർത്തനം തുടങ്ങിയ ആദ്യ നാളുകളിൽ നൂറിൽ താഴെ തടവുകാരെയാണ് ഇവിടെ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ പലപ്പോഴും ഇരുന്നൂറോളം പേരുണ്ടാകും.
ആകെ അനുവദനീയമായ തടവുകാർ- 240
ആകെ ഗാർഡുമാർ- 20
വേണ്ട ഗാർഡുമാർ- 40
ഈ തസ്തികകളുമില്ല
മുമ്പ് വനിത തടവുകാരേയും മുട്ടം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നു. എന്നാൽ വനിത ഗാർഡിന്റെ സേവനം ഇല്ലാത്തതിനെ തുടർന്ന് അവരെ മറ്റ് ജയിലുകളിലേക്ക് മാറ്റി. ഡെപ്യൂട്ടി സൂപ്രണ്ട്, പ്രിസൺ ഓഫീസർ, ജയിൽ ഡോക്ടർ, മാനസിക ചികിത്സ വിദഗ്ദ്ധൻ, കൗൺസിലർ എന്നിങ്ങനെയുള്ല ജീവനക്കാരെയും ജില്ലാ ജയിലിലേക്ക് അത്യാവശ്യമായി നിയമിക്കേണ്ടതുണ്ട്.