കട്ടപ്പന: നഗരസഭാ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഓട്ടോറിക്ഷകൾക്ക് പുതുതായി പെർമിറ്റ് അനുവദിക്കാത്തത് കൗൺസിൽ യോഗത്തിൽ ചർച്ചയായി. കഴിഞ്ഞ മൂന്ന് വർഷമായി ഓട്ടോറിക്ഷകൾക്ക് പുതിയ പെർമിറ്റ് നൽകാത്തത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ പ്രശാന്ത് രാജു കത്ത് നൽകിതോടെയാണ് വിഷയം ചർച്ചയ്‌ക്കെടുത്തത്. വായ്പയെടുത്തും മറ്റും ഓട്ടോറിക്ഷ വാങ്ങിയ ഡ്രൈവർമാർക്ക് പെർമിറ്റ് ലഭിക്കാത്തത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഉടനെ തന്നെ നഗരസഭാ അദ്ധ്യക്ഷയുടെ സാന്നിധ്യത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. തുടർന്ന് പ്രശ്‌നം വേഗത്തിൽ പരിഹരിക്കാൻ പ്രത്യേക സബ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും അർഹരായവർക്ക് പെർമിറ്റ് നൽകാൻ നടപടി സ്വീകരിക്കാനും തീരുമാനമായി.