വട്ടവട: വട്ടവടയിൽ ഹരിതകേരളം പ്രവർത്തനങ്ങൾ നടത്തുന്നത് പുരുഷന്മാരുടെ ഹരിതകർമ്മ സേന. വെള്ളമുണ്ടും ഷർട്ടും പച്ചനിറത്തിലുള്ള ഓവർകോട്ടുമാണ് ഇവരുടെ വേഷം. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും ശേഖരിക്കുന്ന ജില്ലയിലെ ഏക പുരുഷ സേനയാണ് വട്ടവടയിലേത്. ഹരിതകേരളത്തിന്റെ സമഗ്രമാലിന്യ നിർമ്മാർജ്ജന പരിപാടികൾ വിശദീകരിക്കുന്ന ഗ്രീൻ കാർഡുകൾ വീടുകളിലെത്തിച്ച സേനാംഗങ്ങൾ പാഴ്‌വസ്തുക്കളും ശേഖരിച്ചു തുടങ്ങി. എന്നാലും പൂർണതോതിലേയ്‌ക്കെത്തിയിട്ടില്ല. വീടുകളിൽ നിന്ന് യൂസർഫീയായി 50 രൂപയാണ് വാങ്ങുന്നത്. പാഴ് വസ്തുക്കളെടുക്കുന്നതിനായി 18 പേരെ ഉൾപ്പെടുത്തിയാണ് സേന രൂപീകരിച്ചത്. പുരുഷ സ്വയം സഹായ സംഘമായി രജിസ്റ്റർ ചെയ്താണ് സേന പ്രവർത്തിക്കുന്നത്. വീടുകളിൽ നിന്ന് യൂസർഫീയായി ശേഖരിക്കുന്ന പണം കൂട്ടായി അക്കൗണ്ടിൽ നിക്ഷേപിച്ച് വീതിച്ചെടുക്കും. 13 വാർഡുകളുള്ള പഞ്ചായത്തിലാകെ 2658 വീടുകളാണുള്ളത്. വട്ടവടയിലെ പ്രത്യേക സാഹചര്യത്തിലാണ് പുരുഷന്മാരുടെ ഹരിതകർമ്മസേന രൂപീകരിച്ചതെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജബരാജ് പറഞ്ഞു. ഇവിടത്തെ ഭൂപ്രദേശവും ജീവിത ചുറ്റുപാടുകളും മൂലം സ്ത്രീകളെ ഈ ജോലിയ്ക്ക് ലഭിക്കാത്ത സ്ഥിതിയായിരുന്നു. അതിനാൽ പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളായ പുരുഷന്മാരെ ഈ ജോലിയേൽപ്പിക്കുകയായിരുന്നു. പുരുഷസേനാംഗങ്ങൾ ഇടയ്ക്കിടെ 'മുങ്ങി' തടിപ്പണിക്കും മറ്റും പോകുന്നതു മൂലം സേനയുടെ ജോലി മുടങ്ങുന്നതു കണക്കിലെടുത്ത് സേനയിലേയ്ക്ക് അഞ്ച് സ്ത്രീകളെ കൂടി നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു.