tza
ഇടുക്കി ജില്ലാ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച സഞ്ചരിക്കുന്ന ചിത്രപ്രദർശന വാഹനം തൊടുപുഴയിൽ എത്തിയപ്പോൾ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ വികസന ചിത്രങ്ങൾ കാണുന്നു

ഇടുക്കി: ജില്ലാ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച സഞ്ചരിക്കുന്ന ചിത്രപ്രദർശന വാഹന പര്യടനത്തിന്റെ അവസാന ദിനം തൊടുപുഴയിലായിരുന്നു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച തദ്ദേശ ദിനാചരണ വേദിയിൽ എത്തിയ പ്രചരണ വാഹനത്തിൽ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വികസന ചിത്രങ്ങൾ കാണാനെത്തി. ഇതിന് പുറമേ വണ്ണപ്പുറം, കരിമണ്ണൂർ, മുതലക്കോടം എന്നിവിടങ്ങളിലും വാഹനം എത്തിയപ്പോൾ നിരവധിയാളുകൾ ചിത്രങ്ങളിലൂടെ ജില്ലയെ അടുത്തറിഞ്ഞു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലം, വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ്, കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ എന്നിവരുൾപ്പെടെ നിരവധി ജനപ്രതിനിധികൾ ചിത്രപ്രദർശനം കാണാൻ പര്യടന വാഹനത്തിലെത്തി. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ ഗ്രാമീണ മേഖലകൾ ഉൾപ്പെടെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും എത്തിയ പ്രദർശന വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തൊഴിലാളികൾ, സർക്കാർ ഉദ്യോഗസ്ഥർ, വ്യാപാരികൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് വാഹനത്തിലെത്തി വികസനചിത്രങ്ങൾ കണ്ടു മടങ്ങിയത്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നും കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പര്യടനം ആരംഭിച്ചത്.