 
കട്ടപ്പന: വണ്ടൻമേട് പഞ്ചായത്തിലെ നെറ്റിത്തൊഴു കുപ്പക്കല്ല് മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ സഞ്ചാരയോഗ്യമായ റോഡ് കാത്തു കഴിയാൻ തുടങ്ങിയിട്ട്. മന്ത്രി മുതൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് വരെ നിവേദനം നൽകിയിട്ടും ശോചനീയാവസ്ഥയ്ക്ക് മാത്രം മാറ്റമില്ല. നിരന്തരമായി പരാതി നൽകി മടുത്തതോടെ ഭരണ കേന്ദ്രങ്ങളിലേക്ക് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ജനവാസ മേഖലകളിൽ ഒന്നായ കുപ്പക്കല്ല് ഭാഗത്ത് നിന്ന് നെറ്റിത്തൊഴു, ചേറ്റുകുഴി, വണ്ടൻമേട് ഭാഗത്തേക്ക് എത്താനുള്ള വിവിധ റോഡുകളാണ് കാൽനടയാത്ര പോലും അസാധ്യമായ തരത്തിൽ തകർന്നു കിടക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ മൂലം രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നുണ്ട്. റോഡുകൾ പൂർണമായും തകർന്നതോടെ വിദ്യാർത്ഥികളെ കയറ്റാൻ സ്‌കൂൾ ബസുകൾ പോലും ഈ പ്രദേശത്തേക്ക് വരാൻ മടിക്കുകയാണ്. കുപ്പക്കല്ല് നെറ്റിത്തൊഴു റോഡിൽ 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ പാലത്തിനോട് ചേർന്നുള്ള കോൺക്രീറ്റ് ചെയ്ത ഭാഗം നിർമാണത്തിലെ അപാകത മൂലം തകർന്നിരുന്നു. വണ്ടൻമേട് പഞ്ചായത്തിലെ നാല് മുതൽ എട്ട് വരെ വാർഡുകളിൽ ഉൾപ്പെടുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ചു കഴിയുന്നത്. രണ്ട് കിലോമീറ്റർ നീളമുള്ള മോഹനൻകട- കുപ്പക്കല്ല് റോഡിലെ 450 മീറ്റർ ഭാഗം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടും നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരമാകില്ല. പരാതികൾ നൽകിയിട്ടും യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ കഴിയാത്തതിനാൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാനാണ് നാട്ടുകാർ പദ്ധതിയിടുന്നത്.