roashy
പളയബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുന്നു

പീരുമേട്: കൊക്കയാർ പഞ്ചായത്തിലെ പ്രളയബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. വാഴൂർ സോമൻ എം.എൽ.എ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. ബിനു,​ ഗ്രാമപഞ്ചായത്തംഗം സുരേഷ് എം.സി എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്. കഴിഞ്ഞ ഒക്ടോബർ 16 നുണ്ടായ അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും 175 കുടുംബങ്ങൾക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടു. വീടും ഭൂമിയും നഷ്ടപ്പെട്ട് ആറ്റു തീരങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷിത സ്ഥലം ഒരുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ചില സ്വകാര്യവ്യക്തികൾ ന്യായമായ വിലയ്ക്ക് ഭൂമി നൽകാൻ തയ്യാറാണ്. ഇങ്ങനെ മൂന്നുപേരുടെ പേരിലുള്ള നാല്പതോളം ഏക്കർ ഭൂമി ലഭ്യമാകും. ഭൂമിവാങ്ങി നൽകാൻ പഞ്ചായത്തിന് സാമ്പത്തികശേഷി ഇല്ല. സർക്കാർ ഇതിന് ആവശ്യമായ തുക അനുവദിച്ചാൽ മാത്രമേ പുനരധിവാസം സാധ്യമാകൂവെന്നും നിവേദനത്തിൽ മന്ത്രിയെ അറിയിച്ചു.