മൂന്നാർ: നല്ലതണ്ണി എസ്റ്റേറ്റിലെ കുരുമല ഡിവിഷനിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപമായി കാട്ടാനകൾ എത്തിയത്. ഗണേശനെന്നും ചില്ലിക്കൊമ്പനെന്നും വിളിപ്പേരുകളുള്ള കാട്ടാനകളാണ് കൊമ്പ് കോർത്തത്. സംഘർഷത്തിനിടെ നല്ലതണ്ണി നിവാസിയായ പ്രവീൺ എന്നയാളുടെ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. തേയില ചെടികൾ പിഴുതെറിയുകയും കുടിവെള്ള പൈപ്പുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ ഇരുകൊമ്പൻമാർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മൂന്നാർ റേഞ്ച് ഓഫീസറടങ്ങുന്ന സംഘം ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു. രാവിലെ നാലു മണിയോടെ കാട്ടാനകൾ തിരികെ കാട്ടിലേക്ക് മടങ്ങി. സംഘർഷത്തിൽ കൊമ്പൻമാർക്ക് പരിക്ക് പറ്റിയോയെന്ന് വനം വകുപ്പ് നിരീക്ഷിച്ച് വരികയാണ്. നിലവിൽ ഒരു കൊമ്പൻ കല്ലാർ പുഴയുടെ സമീപമാണുള്ളതെന്നും രണ്ടാമൻ കല്ലാർ പത്താം ബ്ലോക്കിൽ പ്രവേശിച്ചതായും മൂന്നാർ വനംവകുപ്പ് റേഞ്ച് ഓഫീസർ ഹരീന്ദ്രകുമാർ അറിയിച്ചു. നിരീക്ഷണത്തിലുള്ള ആനയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും സമീപ പ്രദേശങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്ത് നീരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.